കൊച്ചി: ഒരു കാലത്ത് മോളിവുഡിന്റെ ആക്ഷൻ ക്വീൻ ആയിരുന്നു വാണി വിശ്വനാഥ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം വാണി സ്‌ക്രീനിൽ തിളങ്ങി നിന്നിരുന്നു. ആക്ഷൻ രംഗങ്ങളിൽ വാണിയെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ മറ്റൊരു നടിയുണ്ടാകില്ല എന്നു പറഞ്ഞാൽ പോലും അതിൽ തെല്ലും അതിശയോക്തിയുണ്ടാകില്ല.

വാണി അവതരിപ്പിച്ച പൊലീസ് വേഷങ്ങൾക്കൊക്കെ ഇന്നും ആരാധകരേറെയുമാണ്. മലയാളം, തമിഴ് സിനിമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമായിരുന്നു താരം സിനിമ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തത്. നടൻ ബാബു രാജുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നെല്ലാം മാറി ഫുൾ ടൈം കുടുംബിനിയായി മാറി പ്രേക്ഷകരുടെ പ്രിയ താരം. എന്നാൽ താൻ എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഇടയ്ക്ക് ചില സിനിമകളിൽ വാണി അഭിനയിക്കുകയും ചെയ്തു.

ഇപ്പോഴിതാ വാണി വിശ്വനാഥിന് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി. വാണിയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോകളും മനോഹരമായ ചിത്രവും പങ്കുവച്ചാണ് സുരഭി ആശംസ നേർന്നിരിക്കുന്നത്. വാണിക്കിപ്പോൾ എത്ര വയസായി എന്ന ചോദ്യത്തിന് സുരഭിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് മറുപടി.

'കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ. വാണിചേച്ചിയുടെ കൂടെ റൈഫിൾ ക്ലബ്ബിൽ 40 ദിവസം, എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേർത്തു നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ...'- സുരഭി ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു വാണിയുടെ 53-ാം പിറന്നാൾ. നിരവധി പേരാണ് സുരഭിയുടെ പോസ്റ്റിന് താഴെ വാണിക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. ദിവ്യ പ്രഭ, രചന നാരായണൻകുട്ടി, സോന നായർ, രഞ്ജിനി ജോസ് തുടങ്ങി നിരവധി താരങ്ങളും വാണിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സുരഭി പങ്കുവച്ചിരിക്കുന്നത്.

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് വാണിയിപ്പോൾ. ഒന്നിനു പുറകേ ഒന്നായി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ആസാദിയും റൈഫിൾ ക്ലബ്ബുമാണ് താരത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങൾ. ഒരു ആക്ഷൻ പവർ പാക്കഡ് ചിത്രവുമായി വാണിയെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേക്ഷകരും.