തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. ഇപ്പോൾ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് സുരേഷ്ഗോപിയും കുടുംബവും. മകളുടെ വിവാഹം നടക്കുന്നത് ജനുവരിയിലാണ് ഞങ്ങൾക്ക് ഓണം. 26 വർഷങ്ങൾക്ക് ശേഷം വീട്ടിൽ നടക്കുന്ന ചടങ്ങാണ് ഇതെന്നും താരം വ്യക്തമാക്കി.

വിവാഹവുമായി ബന്ധപ്പെട്ട് വീട് പണികൾ ഇപ്പോൾ നടക്കുകയാണ്. 26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു. ഇന്നലെ ഞങ്ങൾ മുംബൈയിൽ നിന്നും വന്നതേ ഒള്ളൂ-തിരുവോണദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനുമായി ജൂലൈയിലായിരുന്നു ഭാഗ്യയുടെ വിവാഹനിശ്ചയം. വിവാഹം ജനുവരി 17 ന് ഗുരുവായൂരിൽ വെച്ച് നടക്കും. 20 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ റിസപ്ഷനും നടക്കും.