കൊച്ചി: സിനിമാ മേഖലയെ സർക്കാർ കറവപ്പശുവായി കാണുകയാണെന്ന് നിർമാതാവ് സുരേഷ് കുമാർ. വിനോദ നികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലയാള സിനിമാ സംഘടനകൾ ജനുവരി 21ന് സൂചനാ സമരം നടത്തും. അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം ചേംബർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങൾ കോടിക്കണക്കിന് രൂപ സബ്‌സിഡിയായി നൽകുമ്പോൾ കേരളത്തിൽ ലഭിക്കുന്ന അഞ്ച് ലക്ഷം രൂപ ഒരു 'മൂക്കിൽപ്പൊടി' വാങ്ങിക്കാൻ പോലും തികയില്ലെന്ന് സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. ‘‘വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. ഇടയ്ക്ക് നിർത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു. സിനിമാ മേഖലയെ കറവപ്പശുവായിട്ടാണ് സർക്കാർ കണക്കാക്കുന്നത്. കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല.’’ – അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി സിനിമാ വ്യവസായത്തിന് വേണ്ടി സർക്കാർ യാതൊന്നും ചെയ്തിട്ടില്ലെന്നും, കോൺക്ലേവുകൾ നടത്തി 'കണ്ണിൽപ്പൊടിയിടുക' മാത്രമാണ് ചെയ്തതെന്നും സുരേഷ് കുമാർ ആരോപിച്ചു.

സിനിമാ മേഖലയെ മൊത്തം കബളിപ്പിക്കുകയായിരുന്നുവെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസും ആരോപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി ചുമത്തപ്പെടുന്ന വ്യവസായ മേഖലയാണിതെന്നും, ബജറ്റിൽ പോലും തങ്ങളെ പരിഗണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന്റെ ഭാഗമായി ജനുവരി 21ന് ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും തിയറ്ററുകൾ അടച്ചിടുകയും ചെയ്യും. നിർമാതാക്കളുടെ സംഘടന പ്രസിഡന്റ് ബി. രാകേഷ്, അമ്മ ജനറൽ സെക്രട്ടറിയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സണുമായ കുക്കു പരമേശ്വരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജിഎസ്ടിക്ക് പുറമെ ഈടാക്കുന്ന വിനോദ നികുതി പൂർണമായി പിൻവലിക്കുക, സിനിമ തിയേറ്ററുകൾക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയാണ് സംഘടനകളുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ. സിനിമാ വ്യവസായത്തിന്റെ സ്വഭാവം മനസ്സിലാക്കി നഷ്ടം കുറയ്ക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കി നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.