മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ വിറപ്പിച്ച സംഭവമാണ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. പിന്നാലെ താരത്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി രൂക്ഷമായ സൈബർ ആക്രമണത്തിനും ചോദ്യം ചെയ്യലുകൾക്കും ഇരയായിരുന്നു. മാധ്യമങ്ങൾ അവരെ വേട്ടയാടി എന്നു പറയുന്നതാകും ശരി. അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ വലിയ വേട്ടയാടലാണ് അവർക്ക് നേരെ നടന്നത്.

കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണത്തെക്കുറിച്ച് റിയ തുറന്നു സംസാരിച്ചത് വാർത്തയായിരുന്നു. മാനസികാരോഗ്യത്തേക്കുറിച്ചുള്ള അറിവില്ലായ്മയെക്കുറിച്ചാണ് റിയ പറഞ്ഞത്. ഇപ്പോൾ റിയയ്ക്കെതിരെ വിമർശനവുമായി സുശാന്തിന്റെ സഹോദരി ശ്വേത സിങ് രംഗത്തെത്തിയിരിക്കുകയാണ്. മരിച്ചുപോയ ആളെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നാണ് ശ്വേത തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നത്. സുശാന്തിന്റെ പഴയ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്.

മരിച്ചുപോയ... ഇനിഒരിക്കലും സ്വയം പ്രതിരോധിക്കാൻ പറ്റാത്ത ഒരാളെ കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ നിങ്ങളുടെ മനസ്സാക്ഷിക്ക് എന്ത് മറുപടി നൽകുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു! എന്റെ ഭായിക്ക് നല്ലൊരു ഹൃദയമുണ്ടായിരുന്നു, അവൻ ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ മിടിക്കുന്നു. പുറത്ത് വന്ന് ഒന്നും പറയേണ്ട ആവശ്യം ഞങ്ങൾക്കില്ല, കാരണം ആളുകൾക്ക് സത്യം മനസിലാക്കാൻ കഴിയും. ഭായ് എന്നും എപ്പോഴും നമ്മുടെ അഭിമാനമായിരിക്കും! അവനോടുള്ള ആ സ്നേഹം ഒരിക്കലും പോകില്ല അവന്റെ നീതിക്ക് വേണ്ടി ഞങ്ങൾ നിരന്തരം പോരാടും.- ശ്വേത കുറിച്ചു.

ഒരു പരിപാടിക്കിടെയാണ് റിയ സുശാന്തിന്റെ മരണത്തേക്കുറിച്ച് പറഞ്ഞത്. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ആളുകൾ കഷ്ടപ്പെടുന്നത്. ഇതു രണ്ടുമുള്ള ആളെക്കുറിച്ച് ആളുകൾ ചിന്തിക്കുക, അവൻ ഡിപ്രഷനിലാണെങ്കിൽ ഞാനൊക്കെ എന്ത് അവസ്ഥയിലായിരിക്കും എന്നാണ്. മാനസികാരോഗ്യത്തേക്കുറിച്ചുള്ള തെറ്റായ ചിന്തയാണ് ഇത്. പണക്കാരനും പ്രശസ്തനുമാണെങ്കിൽ അവർക്ക് മാനസികമായ ബുദ്ധിമുട്ടോ വിഷാദമോ ഉണ്ടാകും എന്ന് വിശ്വസിക്കാൻ പലർക്കും മടിയാണ്.- റിയ പറഞ്ഞു.