മുംബൈ: ബോളിവുഡ് ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു സുശാന്ത് രാജ്പുത്തിന്റേത്. ഏറെ വിവാദങ്ങൾക്കും ഈ മരണം വഴിവെച്ചു. മുംബൈയിലെ ഫ്ളാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു. ഇന്ന് പ്രിയതാരം വിടപറഞ്ഞിട്ട് മൂന്നു വർഷം തികയുകയാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സഹോദരിയുടെ കുറിപ്പാണ്. സുശാന്ത് ഇപ്പോഴും തനിക്കൊപ്പമുണ്ട് എന്നാണ് ശ്വേത സിങ് കിർതി കുറിക്കുന്നത്.

'ലവ് യൂ ഭായ്... നിന്റെ ബുദ്ധിക്ക് സല്യൂട്ട്. എല്ലാ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്യും. പക്ഷേ നീ ഇപ്പോൾ എന്റെ ഭാഗമാണെന്ന് എനിക്കറിയാം. എന്റെ ശ്വാസം പോലെ പ്രധാനമായി നീ മാറിയിരിക്കുന്നത്. അവൻ എന്നിക്ക നിർദേശിച്ച ചില പുസ്തകങ്ങൾ പങ്കുവെക്കുന്നു. അവനായി ജീവിച്ച് അവ് ജീവൻ നൽകൂ.'- സുശാന്ത് ജീവനോടെയുണ്ട് എന്ന ഹാഷ്ടാഗിൽ ശ്വേത കുറിച്ചു.

അതിനു പിന്നാലെ ഒരു വിഡിയോയും ശ്വേത പങ്കുവച്ചു. സുശാന്ത് മരിച്ചെന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അവൻ തന്റെ കൂടെതന്നെയുണ്ടെന്നുമാണ് ശ്വേത കുറിച്ചത്. സുശാന്തിനെ ജീവനോട് നിലനിർത്താൻ അവന്റെ നല്ല ഗുണങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും ശ്വേത കൂട്ടിച്ചേർത്തു.

2020 ജൂൺ 14നാണ് ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്ത് സിങ് രാജ്പുത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടി റിയ ചക്രബർത്തിയുമായി പ്രണയത്തിലായിരുന്നു താരം. സുശാന്തിന്റേത് ആത്മഹത്യയാണ് എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ താരത്തിന്റെ മരണത്തിൽ റിയയ്ക്കും സഹോദരനും ഉൾപ്പടെ പങ്കുണ്ടെന്ന് പറഞ്ഞ് കുടുംബം രംഗത്തെത്തുകയായിരുന്നു.