മുംബൈ: ഈയിടെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബോളിവുഡിലെ താരസുന്ദരി സുസ്മിത സെന്നിന് ഹൃദയാഘാതമുണ്ടായ വാർത്ത നമ്മൾ അറിഞ്ഞത്. എന്നാൽ അധികം വൈകാതെ തന്നെ താരം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു. എന്നാൽ സുസ്മിതയ്ക്ക് ;അഡിസൺ ഡീസിസ്; എന്ന അപൂർവ രോഗം ഉണ്ടായിരുന്നത് അധികമാർക്കും അറിയാതിരുന്ന ഒരു കാര്യമായിരുന്നു. ഇതേകുറിച്ച് തുറന്നു പറഞ്ഞിരിക്കയാണ് സുസ്മിത സെൻ ഇപ്പോൾ.

ഒരു അഭിമുഖത്തിലാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് സുസ്മിത സംസാരിച്ചത്. അഡിസൺ ഡീസിസ് എന്ന ഓട്ടോ ഇമ്യുൺ പ്രശ്നമാണ് സുസ്മിതയ്ക്ക് നേരിടേണ്ടി വന്നത്. അന്ന് തനിക്ക് ലഭിച്ച ഏക നിർദ്ദേശം സ്റ്റിറോയ്ഡ്സ് എടുക്കുക എന്നതായിരുന്നുവെന്നും അത് തന്റെ കരിയറിനെ സാരമായി തന്നെ ബാധിച്ചുവെന്നും സുസ്മിത പറയുന്നു.

എന്നെ വല്ലാതെ ഉലച്ച ജീവിതഘട്ടങ്ങളിലൊന്നായിരുന്നു അത്. നാളെ എല്ലാം ശരിയാകും എന്ന വിശ്വാസക്കാരിയായിരുന്നു ഞാൻ. പക്ഷെ നമ്മളോട് ഒരാൾ ഇനിയുള്ള നിങ്ങളുടെ ജീവിതം സ്റ്റിറോയ്ഡ്സിനെ ആശ്രയിച്ചാണെന്ന് പറയുകയാണ്. അതിന് ഒരുപാട് പാർശ്വഫലങ്ങളുണ്ട്. എത്രത്തോളം സ്ട്രെസ് അനുഭവിക്കുന്നുവോ അത്രത്തോളം സ്റ്റിറോയ്ഡും എടുക്കേണ്ടി വരും. അതെന്നെ വല്ലാതെ ഉലച്ചു താരം പറയുന്നു.

ഈയിടെ സുസ്മിത നൽകിയ മറ്റൊരു അഭിമുഖത്തിൽ തനിക്ക് ഹൃദയാഘാതം വന്നപ്പോൾ മക്കൾ നൽകിയ പിന്തുണയെക്കുറിച്ചും താരം സംസാരിച്ചിരുന്നു. അവർ ചെയ്തത്, പ്രത്യേകിച്ചും മൂത്തവൾ അലീഷ, എന്റെ മൂത്തമകൾ ഇപ്പോൾ വലിയ കുട്ടിയാണ്. അവൾക്ക് അവളുടേതായ ഉത്തരവാദിത്തമുണ്ട്. സ്വയം പര്യാപ്തയാണ്. പക്ഷെ ഇളയവൾ എന്നും മുടങ്ങാതെ ഒൻപത് മണിക്ക് എനിക്ക് മരുന്ന് തന്നു. മരുന്ന് മുടങ്ങാതിരിക്കാൻ അലാം വച്ചിരുന്നു. അവൾക്ക് നന്ദി സുസ്മിത പറഞ്ഞു.