ടാംപാക്സിറിംഗ്: ബാലി യാത്രയിലെ ചിത്രങ്ങൾ പങ്കുവച്ച് നടി സ്വാസിക. ബാലിയുടെ ആത്മീയ പശ്ചാത്തലവും സംസ്കാരവും അടുത്തറിയുന്നതിന്റെ ഭാഗമായി ദ്വീപിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഇരുവരും ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളുമാണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്. ഈ യാത്ര തനിക്ക് "ഒരിക്കലും മറക്കാനാവാത്ത അനുഭവം" ആയിരുന്നുവെന്ന് സ്വാസിക സോഷ്യൽ മീഡിയയിൽ കുറിച്ചു. കേവലം കാഴ്ചകൾ കണ്ടുള്ള ഒരു വിനോദയാത്ര എന്നതിലുപരി, ബാലിയുടെ പരമ്പരാഗത ജീവിതരീതിയും വിശ്വാസങ്ങളും അറിയാൻ ഈ യാത്ര ഉപകരിച്ചുവെന്നും താരം പറയുന്നു.

ബാലിയിലെ അതിപ്രശസ്തവും പുണ്യവുമായി കണക്കാക്കപ്പെടുന്ന 'തീർഥ എമ്പുൽ' ക്ഷേത്രത്തിൽ വെച്ചാണ് സ്വാസികയും പ്രേമും പ്രധാനപ്പെട്ട ആചാരങ്ങൾ അനുഷ്ഠിച്ചത്. ക്ഷേത്രത്തിലെ വിശുദ്ധമായ ജലധാരകൾക്ക് താഴെ നിന്നുകൊണ്ട് ശരീരവും മനസ്സും ശുദ്ധീകരിക്കുന്ന ആചാരപരമായ ചടങ്ങാണ് ഇതിൽ പ്രധാനം. പരമ്പരാഗത ബാലിനീസ് വസ്ത്രങ്ങളായ കസൂട്ട് (Kain) ധരിച്ചാണ് ഇരുവരും ക്ഷേത്രാചാരങ്ങളിൽ പങ്കെടുത്തത്. ഈ ജലത്തിൽ മുങ്ങി നിവർന്നാൽ രോഗങ്ങളും ദുരിതങ്ങളും അകലും എന്നൊരു വിശ്വാസം ബാലിയിലുണ്ട്. ക്ഷേത്രത്തിലെ ശാന്തമായ അന്തരീക്ഷവും, ആചാരങ്ങളുടെ തീവ്രതയും തങ്ങൾക്ക് ഒരു പുതിയ ആത്മീയ അനുഭവം നൽകിയെന്ന് സ്വാസിക അഭിപ്രായപ്പെട്ടു.

‘ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ, ഇവിടുത്തെ ആചാരങ്ങൾ ഞങ്ങൾ ശരിയായ രീതിയിൽ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവൽ പാർട്ണർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അവർ ഞങ്ങളെ തിർഥ എംപുലിലേക്ക് കൊണ്ടുവന്നു. ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അർത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു’, സ്വാസിക കുറിച്ചു.

2009ൽ പുറത്തിറങ്ങിയ ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാലോകത്ത് എത്തുന്നത്. 2010ൽ ‘ഫിഡിൽ’ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ആ വർഷം തന്നെ ‘ഗോരിപാളയം’ എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ എന്നിവയാണ് സ്വാസികയുടെ ശ്രദ്ധേയമായ മലയാള സിനിമകളിൽ ചിലത്. വാസന്തി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.