മുംബൈ: പ്രിയപ്പെട്ടവർക്കൊപ്പം 'പ്രതീക്ഷ'യുടെ സ്വീകരണമുറിയിൽ കഴിഞ്ഞ ദിവസം മകൾ ശ്വേതയുടെ അമ്പതാം പിറന്നാൾ ആഘോഷിക്കവേ, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അവളുടെ കുഞ്ഞുനാളുകളെ ഓർത്തെടുത്തു. മകളുടെ വളർച്ചയും ജീവിതമാറ്റങ്ങളും വിവരിച്ച് ബിഗ് ബി തന്റെ വ്‌ലോഗിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

'പ്രിയപ്പെട്ടവരുടെ സ്‌നേഹവും ആശംസകളും പ്രോഗ്രസ് റിപ്പോർട്ടുകളുടെ മനോഹാരിതയും നിറഞ്ഞ ദിനം. പിറന്നാൾ ദിനാഘോഷങ്ങൾ...ശ്വേത, ഞങ്ങളുടെ ആദ്യ കുഞ്ഞ്. അവളുടെ സുവർണ വയസ്സ്-50. ഞങ്ങൾ സ്വന്തമാക്കിയ ആദ്യ വീട്ടിലേക്ക് രണ്ടു വയസ്സുകാരിയെയും മാസങ്ങൾ മാത്രമായ അഭിഷേകിനെയും കൂട്ടി ഞങ്ങൾ കയറിവന്ന മുഹൂർത്തം.

ഇന്നിപ്പോൾ അതേ വീട്ടിൽ, അതേ മേശക്കു ചുറ്റും ഞങ്ങൾ ഒത്തുകൂടിയിരിക്കുന്നു...ജീവിതമെന്ന അതിശയം ! ' -ബച്ചൻ എഴുതി. അമ്പതു കോടിയിലേറെ വിലമതിക്കുന്ന 'പ്രതീക്ഷ' ബംഗ്ലാവ് ബച്ചൻ കഴിഞ്ഞ വർഷമാണ് മകൾ ശ്വേതക്ക് സമ്മാനിച്ചത്.