- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛനെ എനിക്ക് ഓർമയില്ല, കാണാനും തോന്നിയിട്ടില്ല'; ആ പേര് പോലും ഞാൻ ഉപയോഗിച്ചിട്ടില്ല; 'ഫാത്തിമ'യായി ജീവിക്കാനാണ് ഇഷ്ടം; മനസ്സ് തുറന്ന് തബു

മുംബൈ: വ്യക്തിജീവിതത്തെക്കുറിച്ച് തബു നടത്തിയ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. താൻ ഇതുവരെ തന്റെ പിതാവിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ കാണാൻ യാതൊരു ആഗ്രഹവുമില്ലെന്നും തബു തുറന്നുപറഞ്ഞു. പിതാവിന്റെ സർനെയിം ആയ 'ഹാഷ്മി' താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
മാതാപിതാക്കൾ പിരിയുമ്പോൾ തബുവിന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അച്ഛനുമായി തനിക്ക് യാതൊരു ഓർമയുമില്ലെന്നും അദ്ദേഹത്തെ അറിയാൻ താൽപര്യമില്ലെന്നും തബു പറയുന്നു. "അച്ഛനെ എനിക്ക് ഓർമയില്ല. സഹോദരി അദ്ദേഹത്തെ കാണാറുണ്ട്. പക്ഷേ അദ്ദേഹത്തെ കാണാൻ എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല," തബു പറഞ്ഞു.
ഹൈദരാബാദിലെ മനോഹരമായ കുട്ടിക്കാലത്തെക്കുറിച്ചും തബു ഓർത്തെടുത്തു. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അമ്മയോടും അമ്മയുടെ മാതാപിതാക്കളോടുമൊപ്പമാണ് തബു വളർന്നത്. അധ്യാപികയായിരുന്ന അമ്മയ്ക്ക് ജോലിത്തിരക്കുകൾ ഉള്ളതിനാൽ മുത്തശ്ശിയോടൊപ്പമാണ് കൂടുതൽ സമയം ചെലവഴിച്ചതെന്നും താരം പറഞ്ഞു. താൻ വളരെ നാണംകുണുങ്ങിയായിരുന്നെന്നും ശബ്ദം പോലും ഇല്ലാത്ത കുട്ടിയായിരുന്നുവെന്നും തബു വെളിപ്പെടുത്തി.
അച്ഛന്റെ സർനെയിം ഉപയോഗിക്കുന്നതിൽ തനിക്ക് കാര്യമൊന്നും തോന്നിയിട്ടില്ലെന്നും താൻ എല്ലായ്‌പ്പോഴും തബസും ഫാത്തിമയായിരുന്നുവെന്നും സ്കൂളിൽ ഫാത്തിമ എന്ന സർനെയിം ആണ് ഉപയോഗിച്ചതെന്നും താരം വ്യക്തമാക്കി. അമ്മയുമായി പിരിഞ്ഞ ശേഷം പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ടാവുകയും ചെയ്തിരുന്നു. താൻ ഇപ്പോൾ എങ്ങനെയാണോ അതിൽ സന്തോഷിക്കുന്നുവെന്നും വളർന്ന രീതിയിൽ തൃപ്തയാണെന്നും സ്വന്തം നിലയ്ക്ക് ജീവിക്കുന്നതിൽ സന്തോഷമുണ്ടെന്നും തബു കൂട്ടിച്ചേർത്തു. അമ്പത്തിനാല് വയസ്സുള്ള തബു ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.


