- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിവസവും ഒന്നര മണിക്കൂർ വ്യായാമം, പകൽ ഉറക്കമില്ല, ചിട്ടയായ ഭക്ഷണക്രമം'; ആരോഗ്യരഹസ്യം വെളിപ്പെടുത്തി തമന്ന
മുംബൈ: കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരം തമന്ന ഭാട്ടിയ. പുലർച്ചെ 4.30-ന് ആരംഭിക്കുന്ന കഠിനമായ വ്യായാമം, പകൽ ഉറക്കമില്ലാതെ 8 മുതൽ 12 മണിക്കൂർ വരെ നീളുന്ന ജോലി, ചിട്ടയായ ഭക്ഷണക്രമം എന്നിവയാണ് തൻ്റെ ജീവിതശൈലിയുടെ അടിസ്ഥാനമെന്ന് താരം പറയുന്നു.
ദിവസവും ഒന്നര മണിക്കൂറാണ് തമന്ന വ്യായാമത്തിനായി മാറ്റിവെക്കുന്നത്. ജിം വർക്കൗട്ടുകൾ, കാർഡിയോ, ഭാരോദ്വഹനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശരീരത്തിന് വഴക്കം നൽകുന്നതിനായി യോഗയും പതിവായി പരിശീലിക്കാറുണ്ട്. വ്യായാമം കഴിഞ്ഞ് പകൽ ഉറങ്ങുന്ന ശീലം തനിക്കില്ലെന്നും താരം വ്യക്തമാക്കി.
സൂര്യോദയത്തിന് മുമ്പ് ദിവസം തുടങ്ങുന്നത് പോസിറ്റിവിറ്റി വർധിപ്പിക്കുകയും ഊർജ്ജം നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങളെ ഉദ്ധരിച്ച് തമന്നയുടെ ഹെൽത്ത് കോച്ച് പറയുന്നു. പകലുറക്കം ഒഴിവാക്കുന്നത് ശരീരത്തിൻ്റെ ആന്തരിക ഘടികാരം കൃത്യമായി പ്രവർത്തിക്കാൻ സഹായിക്കും. ഇത് രാത്രിയിൽ മികച്ച ഉറക്കം ലഭിക്കുന്നതിനും പകലിൽ കൂടുതൽ ഉണർവോടെ ഇരിക്കുന്നതിനും കാരണമാകും.
ഭക്ഷണകാര്യത്തിലും തമന്നയ്ക്ക് കർശനമായ ചിട്ടകളുണ്ട്. പ്രഭാതഭക്ഷണമായി ഇഡ്ഡലി, മുട്ടയുടെ വെള്ള, പഴച്ചാറുകൾ എന്നിവയാണ് കഴിക്കുന്നത്. ഉച്ചയ്ക്ക് റാഗി റൊട്ടി, ബ്രൗൺ റൈസ്, പച്ചക്കറികൾ എന്നിവയും അത്താഴത്തിന് ഗ്രിൽ ചെയ്ത പച്ചക്കറികളും എണ്ണ കുറഞ്ഞ ഭക്ഷണങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുന്ന താരം, ദിവസത്തിൽ ഒരു തവണ നെല്ലിക്ക ജ്യൂസും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും തമന്ന കൂട്ടിച്ചേർത്തു.