മുംബൈ: ബോളിവുഡ് നടി താപ്‌സി പന്നു വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് വരൻ. പത്ത് വർഷത്തിൽ അധികം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നത്. തന്റെ രാജകുമാരനെ കണ്ടെത്തുന്നതിനു മുൻപ് ഒരുപാട് തവളകളെ ചുംബിക്കേണ്ടതായി വന്നു എന്നാണ് തപ്സി ഇപ്പോൾ പറയുന്നത്.

രാജകുമാരനെ കണ്ടെത്തുന്നതിന് മുൻപ് ഒരുപാട് തവളകളെ ചുംബിക്കേണ്ടതായി വന്നു. ഞാൻ പക്വത കൈവരിക്കുകയും എന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്തതോടെ എനിക്ക് വേണ്ടത് ഒരു ആൺകുട്ടിയല്ല, ഒരു പുരുഷനെയാണെന്ന് വ്യക്തമായി. ഇതിൽ വലിയ വ്യത്യാസമുണ്ട്. ഒരു ബന്ധത്തിൽ ഞാൻ ആഗ്രഹിച്ച സുരക്ഷിതത്വവും സ്ഥിരതയും നൽകാൻ പക്വതയുള്ള ഒരു വ്യക്തിക്ക് മാത്രമേ കഴിയൂ എന്ന് എനിക്ക് ഉറപ്പായിരുന്നു.

എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് വൈകാരികമായി വിട്ടുവീഴ്ച ചെയ്യാൻ ഞാൻ വിസമ്മതിച്ചു. ഒരു ആൺകുട്ടിയെ അല്ല പുരുഷനെയാണ് വേണ്ടത് എന്നത് ഉറച്ച തീരുമാനമായിരുന്നു.- താപ്‌സി പറഞ്ഞു.

വിവാഹത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങളിലും താരം പ്രതികരിച്ചു. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ല എന്നാണ് താരം പറയുന്നത്. താൻ വിവാഹം പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ അത് എന്റെ താൽപ്പര്യത്തിലായിരിക്കും.- താപ്‌സി കൂട്ടിച്ചേർത്തു.