മുംബൈ: ബോളിവുഡ് നടി ദിവസങ്ങൾക്കു മുമ്പാണ് നടി താപ്‌സി പന്നു വിവാഹിതയായത്.ഉദയ്പൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സമൂഹ മാധ്യമങ്ങിലൊന്നും ഇതുവരെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താപ്‌സി. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താൽപര്യമില്ലാത്തതു കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെക്കാത്തതും വിവാഹം സ്വകാര്യമായി നടത്തിയതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

'എന്റെ വ്യക്തിജീവിതത്തിൽ മറ്റുള്ളവരുടെ ഇടപെടൽ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ഒരു പബ്ലിക്ക് വ്യക്തി വിവാഹിതയാകുമ്പോൾ നടക്കുന്ന സൂക്ഷ്മ പരിശോധകളെയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഇത് എന്നിൽ തന്നെ സൂക്ഷിച്ചുവച്ചത്. എപ്പോഴും അതു രഹസ്യമാക്കി തന്നെ വെക്കും എന്നല്ല, വിവാഹം ഒരു പൊതു കാര്യമാക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.

കാരണം വിവാഹ വിശേഷങ്ങൾ മറ്റുള്ളവർ എങ്ങനൊയിരിക്കും കാണുക എന്നതിനെ കുറിച്ച് ആശങ്കപ്പെടാൻ എനിക്ക് വയ്യ. ഇപ്പോൾ എനിക്ക് സന്തോഷിക്കാനാണ് ഇഷ്ടം'. താപ്‌സി പറഞ്ഞു.വിവാഹദിനത്തിലെ ഫോട്ടോകളും വിഡിയോകളുമൊന്നും പുറത്തുവിടാൻ ആഗ്രഹമില്ല. വിവാഹ വിശേഷങ്ങൾ പറയാൻ എപ്പോഴെങ്കിലും മാനസികമായി തയാറായാൽ അപ്പോൾ അത് വ്യക്തമാക്കാമെന്നും സഹോദരി ഷാഗുൺ പന്നുവാണ് വിവാഹത്തിന്റെ എല്ലാ ക്രമീകരണങ്ങൾ നടത്തിയതെന്നും താപ്‌സി പറഞ്ഞു.

ഒരു ബാഡ്മിന്റൺ ഗെയിം കാണാനെത്തിയപ്പോഴാണ് തപ്സി മതിയാസിനെ കാണുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. പങ്കാളിയുൾപ്പെടെ തന്റെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളിൽ മാതാപിതാക്കൾ സംതൃപ്തരാണെന്ന് തപ്സി പറഞ്ഞിട്ടുണ്ട്. തന്റെ നിലപാടുകൾ എന്നും ഉറച്ച ശബ്ദത്തോടെ വിളിച്ച് പറയുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്നുള്ള ആക്രമണങ്ങളും താരം നേരിട്ടിട്ടുണ്ട്.

ഏറെ നാളത്തെ പ്രയത്നത്തിനൊടുവിലാണ് താപ്സി ബോളിവുഡിൽ തന്റെതായ സ്ഥാനം നേടിയെടുക്കുന്നത്. തെന്നിന്ത്യൻ സിനിമകളിൽ ഭാഗ്യമില്ലാത്ത നായികയെന്ന് പേര് വന്ന തപ്സി ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ വിജയം നേടാനായി. ശ്രദ്ധേയമായ നിരവധി സിനിമകളിൽ തപ്സി അഭിനയിച്ചു. ഷാരൂഖ് ഖാൻ നായകനായ ഡങ്കിയാണ് താപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും താപ്സി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.