ചെന്നൈ: ഓണം ആഘോഷമാക്കി തമിഴ് സൂപ്പര്‍താരം രജനീകാന്ത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സെറ്റിലായിരുന്നു താരത്തിന്റെ ആഘോഷം.മലയാളി സ്‌റ്റൈലില്‍ സെറ്റില്‍ എത്തിയ താരം ഡാന്‍സ് കളിച്ച് ആഘോഷമാക്കുകയായിരുന്നു.കസവ് മുണ്ടുടുത്താണ് രജനീകാന്ത് എത്തിയത്. തന്റെ പുതിയ ചിത്രം വേട്ടയ്യനിലെ മനസിലായോ എന്ന ഗാനത്തിലായിരുന്നു ചുവടുവെച്ചത്.

'കൂലിയുടെ സെറ്റില്‍ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പര്‍ താരം', എന്ന കുറിപ്പുമായാണ് സണ്‍ പിക്ചേഴ്സ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. കമന്റ് ബോക്സില്‍ എങ്ങും മലയാളികളുടെ ആശംസാ പ്രവാഹമാണ്.മലയാളി ക്യാമറമാന്‍ ഗിരീഷ് ഗംഗാധരനും വീഡിയോയില്‍ ചുവട് വെക്കുന്നുണ്ട്.സംവിധായകന്‍ ലോകേഷിനെ രജനീകാന്ത് ക്ഷണിക്കുന്നുണ്ടെങ്കിലും മടിച്ച് മാറി നില്‍ക്കുന്നതും രസകരമായ കാഴ്ച്ചയാണ്.

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന കൂലിയില്‍ മലയാളത്തിന്റെ പ്രിയ താരം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന സൗബിന്റെ ക്യാരക്ടര്‍ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഗാര്‍ജുനയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നടന്‍ സത്യരാജും രജനികാന്തും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൂലി. മിസ്റ്റര്‍ ഭരത് എന്ന സിനിമയായിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവാസന ചിത്രം. മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. കൂലി അടുത്ത വര്‍ഷം തിയറ്ററില്‍ എത്തും.