ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ ജല്‍പള്ളിയിലെ വീട്ടില്‍ ഇളയ മകന്‍ മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. ഇവരുടെ വഴക്ക് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും താരം ആക്രമിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മേഹന്‍ ബാബുവിന്റെ വീട്ടിലേക്ക് എത്തിയ മകനെ താരത്തിന്റെ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഗേറ്റ് തള്ളി തുറന്ന് അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ ആളുകള്‍ എത്തി തടയുകയായിരുന്നു. മനോജിനൊപ്പവും ആളുകള്‍ ഉണ്ടയിരുന്നു.

ഈ വിവരം അറിഞ്ഞ് മാധ്യമങ്ങള്‍ കൂടി എത്തിയതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ഇതോടെ മോഹന്‍ ബാബു തന്നെ വീടിന്റെ പുറത്തേക്ക് എത്തി മാധ്യമങ്ങളെ ആക്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ കൈയില്‍ ഇരുന്ന മൈക്ക് തട്ടിയെടുത്ത് എറിയുകയും, ക്യാമറ തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ സ്വത്ത് തര്‍ക്കത്തെ കുറിഞ്ഞ് പറയുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് ഉണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് ഇഷ്ടമില്ലാത്ത ചോദ്യം മോഹന്‍ ബാബുവിനോട് ചോദിച്ചതിനാണ് മാധ്യമപ്രവര്‍ത്തകനെ തല്ലിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് എത്തിയ പോലീസ് മോഹന്‍ ബാബുവിന്റെ വീട്ടില്‍ നിന്നും തോക്കും കണ്ടെത്തി. മനോജിനും സംഭവത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

മനോജും ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും ജലപ്പള്ളിയുടെ വീട് കൈവശപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി ആരോപിച്ച് തിങ്കളാഴ്ച പോലീസില്‍ മോഹന്‍ബാബു പരാതി നല്‍കിയതോടെയാണ് തെലുങ്കിലെ പ്രശസ്ത സിനിമ കുടുംബമായ മഞ്ചു കുടുംബത്തിലെ പൊട്ടിത്തെറി പരസ്യമായത്.

എന്നാല്‍, സ്വത്തില്‍ ഒരു ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനാണ് താന്‍ പോരാടുന്നതെന്ന് മനോജ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം തേടിയതായും ഈ വിഷയത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടതായും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് മോഹന്‍ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു ദുബായില്‍ നിന്നെത്തിയിട്ടുണ്ട്. മനോജ് മഞ്ചു, വിഷ്ണു മഞ്ചു, ലക്ഷ്മി മഞ്ചു എന്നിവരാണ് മോഹന്‍ബാബുവിന്റെ മക്കള്‍.