ഹൈദരാബാദ്: തമന്ന ഭാട്ടിയയ്ക്ക് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസന കോടികൾ വിലയുള്ള വജ്രമോതിരം സമ്മാനമായി നൽകിയ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയൊരു വജ്രമോതിരം വിരലിലണിഞ്ഞുള്ള തമന്നയുടെ ഫോട്ടോയും ഈ വാർത്തയ്‌ക്കൊപ്പം പ്രചരിച്ചിരുന്നു.

2019ൽ സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ തമന്ന അഭിനയിച്ചിരുന്നു. ചിരഞ്ജീവി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ നിർമ്മാതാക്കൾ രാം ചരണും ഉപാസനയുമായിരുന്നു. ചിത്രത്തിന്റെ റിലീസിനു ശേഷമാണ് ഉപാസന തമന്നയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകിയത്. ഇതിന്റെ ചിത്രം അന്ന് ഉപാസനയും തമന്നയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

അന്ന് പങ്കുവെച്ച ഫോട്ടോയാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും വൈറലായത്. ഉപാസന നൽകിയത് ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമാണെന്നും രണ്ട് കോടിക്ക് മുകളിലാണ് ഇതിന്റെ വില എന്നുമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇതിനൊരു വ്യക്തത വരുത്തിയിരിക്കുകയാണ് തമന്ന ഇപ്പോൾ.

വജ്രത്തിന്റെ ആകൃതിയിലുള്ള ഒരു ബോട്ടിൽ ഓപ്പണർ ആണ് ഉപാസന തമന്നയ്ക്ക് സമ്മാനിച്ചത്. ഇത് വിരലിലണിഞ്ഞുള്ള ചിത്രമാണ് തമന്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇതുകണ്ട് വജ്രമോതിരമാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും തെറ്റായ വാർത്ത പ്രചരിപ്പിച്ചത്.