ചെന്നൈ: തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ് നടി തമന്ന. അടുത്തിടെയാണ് ബോളിവുഡ് നടൻ വിജയ് വർമയുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നത്. വിജയിയുമായുള്ള ബന്ധത്തെക്കുറിച്ച് താരം തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഒരു ചടങ്ങിനിടെയാണ് ആരാധകന്റെ ചോദ്യം എത്തിയത്. എന്നാണ് നിങ്ങൾ വിവാഹം കഴിക്കുക? തമിഴ് പയ്യന്മാർക്ക് ചാൻസ് ഉണ്ടോ? എന്നായിരുന്നു ചോദ്യം. അതൃപ്തി വ്യക്തമാക്കിക്കൊണ്ടായിരുന്നു നടിയുടെ മറുപടി. തന്റെ മാതാപിതാക്കൾ പോലും വിവാഹത്തെക്കുറിച്ച് ചോദിക്കാറില്ല എന്നായിരുന്നു താരം പറഞ്ഞത്. തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവതിയാണെന്നും തമന്ന പറഞ്ഞു.

ലസ്റ്റ് സ്റ്റോറീസ് 2 വിന്റെ ലൊക്കേഷനിൽ വച്ചാണ് വിജയ് വർമയും പരിചയപ്പെടുന്നത്. തുടർന്ന് ബന്ധം പ്രണയമാവുകയായിരുന്നു. വിജയ് ആണ് തന്റെ ഹാപ്പി പ്ലെയ്സ് എന്ന് തമന്ന തുറന്നുപറഞ്ഞിരുന്നു. തമിഴിലും ഹിന്ദിയിലുമായി തിരക്കിലാണ് തമന്ന. സുന്ദർ സി നായകനാകുന്ന അരന്മനൈ 4 ആണ് പുതിയ ചിത്രം. കൂടാതെ ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.