- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയം ഉപേക്ഷിച്ചോ?; സെക്യൂരിറ്റി യൂണിഫോമിൽ തങ്കച്ചൻ വിതുര; ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും താരം

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയാതായി അറിയിച്ചു കൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും 'സ്റ്റാർ മാജിക്' പരിപാടിയിലൂടെ ശ്രദ്ധേയനുമായ തങ്കച്ചൻ വിതുര. ഇൻസൈറ്റ് മീഡിയ സിറ്റിയിലെ ഫ്ലവേഴ്സ് ടി.വിയുടെയും 24 ന്യൂസിന്റെയും വാതിലുകൾക്ക് മുന്നിൽ നീല യൂണിഫോമിൽ നിൽക്കുന്ന വീഡിയോ താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകർക്കിടയിൽ ചർച്ചകൾ സജീവമായത്. അഭിനയം ഉപേക്ഷിച്ചോയെന്നും, ഇത് പുതിയൊരു പരിപാടിയുടെ ഭാഗമാണോയെന്നും ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ ഉയരുന്നത്.
തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുമായി ഒരു ഗൗരവമുള്ള സത്യം പങ്കുവെക്കാനുണ്ടെന്ന് വീഡിയോയിൽ തങ്കച്ചൻ പറയുന്നു. "ഇന്ന് ഞാൻ ഇൻസൈറ്റ് മീഡിയ സിറ്റിയുടെ, ഫ്ലവേഴ്സ് ടി.വിയും 24 ന്യൂസും ഉള്ള ആ വാതിലുകൾക്ക് മുന്നിൽ ഒരു വ്യത്യസ്തമായ വേഷം ധരിച്ചാണ് നിൽക്കുന്നത്. നിങ്ങൾ എന്നെ സാധാരണയായി സ്റ്റുഡിയോയിലെ പ്രകാശവലയത്തിലും സിനിമാ സെറ്റുകളിലുമാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് ഈ നീല യൂണിഫോമിൽ ഒരു സെക്യൂരിറ്റി എന്ന നിലയിൽ ഞാൻ പുതിയൊരു പാത സ്വീകരിച്ചിരിക്കുന്നു," അദ്ദേഹം വിശദീകരിച്ചു.
യൂണിഫോം ശരീരത്തെ മാത്രം മൂടുമെന്നും ഉള്ളിലെ ആത്മാവിനെ ഒരിക്കലും മറയ്ക്കില്ലെന്നും തങ്കച്ചൻ അടിവരയിട്ടു. "പുറമെ ഒരു സെക്യൂരിറ്റി ഗാർഡിനെപ്പോലെ തോന്നിയാലും, ഈ നീല ഷർട്ടിനുള്ളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ഗാനങ്ങൾ പാടിയ അതേ ഗായകനുണ്ട്, നിങ്ങളുടെ ഹൃദയത്തിലെ വികാരങ്ങൾ പകർന്ന കവിയുണ്ട്, വർഷങ്ങളായി നിങ്ങൾ കൈയടിച്ച് പിന്തുണച്ച അതേ നായകനുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ജോലിക്കും അതിൻ്റേതായ മഹത്വമുണ്ടെന്നും ഓരോ വേഷവും ഒരു പ്രകടനമാണെന്നും തങ്കച്ചൻ ഓർമ്മിപ്പിച്ചു.
ജീവിതം ഏത് യൂണിഫോം നൽകിയാലും ഉള്ളിലെ പ്രകാശം മങ്ങരുതെന്ന സന്ദേശവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. 'സ്റ്റാർ മാജിക്' ഷോകളിലെ പ്രകടനങ്ങളിലൂടെയും 'മറിയേടമ്മേട ആട്ടിൻകുട്ടി' പോലുള്ള ഗാനങ്ങളിലൂടെയുമാണ് തങ്കച്ചൻ വിതുര മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായത്. താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ അനുമോൾ ഉൾപ്പെടെ നിരവധി പേർ കമൻ്റുമായി എത്തിയിട്ടുണ്ട്.


