- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരനോട്ട'ത്തിന് തുടക്കമിട്ടതും, സുചിത്രയെ താലി കെട്ടിഎത്തും ഇതേ നടയിൽ'; എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ; പ്രഥമ 'അംബാ പുരസ്കാരം' ഏറ്റുവാങ്ങി ഏറ്റുവാങ്ങി താരം

തിരുവനന്തപുരം: "അകം നിറയെ ആറ്റുകാലമ്മയാണ്, വാക്കുകൾ അപ്രസക്തമാകുന്ന നിമിഷം. ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഈ പുരസ്കാര നേട്ടത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ അമ്മയായിരിക്കും." ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമ 'അംബാ പുരസ്കാരം' ഏറ്റുവാങ്ങി നടൻ മോഹൻലാൽ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും നിർണ്ണായക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച തിരുനടയിൽ വികാരാധീനനായാണ് താരം ഓർമ്മകൾ പങ്കുവെച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് നിയോഗങ്ങൾ ആറ്റുകാലമ്മയ്ക്ക് മുന്നിലായിരുന്നുവെന്ന് മോഹൻലാൽ അനുസ്മരിച്ചു. ആദ്യ സിനിമയായ 'തിരനോട്ട'ത്തിന്റെ പൂജ നടന്നത് ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു. 1988 ഏപ്രിൽ 28-ന് സുചിത്രയെ താലിചാർത്തിയതും ഇതേ തിരുനടയിൽ വെച്ചാണ്. 36 വർഷം പിന്നിടുന്ന ദാമ്പത്യം അമ്മയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണെന്ന് മോഹൻലാൽ പറഞ്ഞു. "മുടവൻമുകളിലെ കുട്ടിക്കാലത്ത് ആറ്റുകാൽ ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ല. ചുറ്റും വയലുകളായിരുന്നു. അന്നത്തെ 'ചപ്രമെഴുന്നള്ളത്തുകൾ' മുടവൻമുകളുകാർക്ക് വലിയ ഉത്സവമായിരുന്നു. പൊങ്കാല തലേന്ന് ശ്രീപത്മനാഭയിലും കിള്ളിപ്പാലം ശിവയിലും സെക്കൻഡ് ഷോയ്ക്ക് ശേഷം പ്രദർശിപ്പിക്കുന്ന സ്പെഷ്യൽ തേർഡ് ഷോകൾ ഇന്നും മനസ്സിലുണ്ട്. എന്റെ അന്യഭാഷാ സുഹൃത്തുക്കളോട് പൊങ്കാലയുടെ പ്രത്യേകതകളെക്കുറിച്ച് അത്ഭുതത്തോടെ സംസാരിക്കാറുണ്ട്."
പലതവണ ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇപ്പോഴാണ് അതിന് സാധിച്ചത്. "എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്ന് സിനിമയിൽ പറയും പോലെ, ദാസാ എന്ന അമ്മയുടെ വിളിയായി കണക്കാക്കിയാണ് ഇത്തവണ എത്തിയത്." 48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ടെങ്കിലും വളർന്ന മണ്ണിലെ ഈ പുരസ്കാരം സവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


