- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ കേരള സ്റ്റോറി' വിവാദത്തിൽ സംവിധായകൻ സുദീപ്തോ സെൻ പറയുന്നു
തിരുവനന്തപുരം: വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പലയിടത്തും കത്തോലിക്കാ സഭ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്തോ സെൻ. ദൂരദർശനിൽ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ചത് കടുത്ത എതിർപ്പുകൾക്ക് കാരണമായിരുന്നു. ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെയായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.
കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദർശിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരേ സിപിഎമ്മും കോൺഗ്രസുമുൾപ്പെടെ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡി.ഡി. നാഷണൽ ചാനലിൽ ചിത്രം സംപ്രേഷണം ചെയ്തു.
കേരളത്തിലെ കാത്തോലിക്കാ സഭകളുടെ നേതൃത്വത്തിൽ ചിത്രം പ്രദർശനത്തിന് എത്തുന്നതാണ് ഇപ്പോഴത്തെ വിവാദം. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി-തലശ്ശേരി രൂപതകളും ദ കേരള സ്റ്റോറി പ്രദർശനത്തിന് എത്തിക്കുകയാണ്. യുവജനവിഭാഗം കെ.സി.വൈ.എം. ആണ് പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും.
വിവാദങ്ങൾക്കിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. ദ കേരള സ്റ്റോറിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സംവിധായകൻ രാജ്യത്തെ പെൺമക്കൾക്കൊപ്പം നിൽക്കണമെന്നും കൂട്ടിച്ചേർത്തു.
"ഞങ്ങൾക്കറിയാം, ദ കേരള സ്റ്റോറി ഇന്ത്യൻ സിനിമയുടെ മിക്കവാറും എല്ലാ റെക്കോർഡുകളും തകർത്തു... ആഗോളതലത്തിൽ നിരവധി ഹൃദയങ്ങളെ ഈ ചിത്രം സ്പർശിക്കുന്നുവെന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നു സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെയും വാദങ്ങളുമായി ആളുകൾ രംഗത്തുവരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ എഴുതി, 'ഞങ്ങൾ ഇപ്പോൾ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കാരണം നേരത്തേ ദ കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു.
സിനിമ കാണാത്ത, എന്നാൽ അതിനെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരുണ്ടെന്നതാണ് സങ്കടകരമായ കാര്യം. ദയവു ചെയ്ത് ഈ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു സിനിമയെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കരുത്. നിങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പരിഗണിക്കാതെ ഈ സിനിമ കാണാൻ ഒരിക്കൽ കൂടി എല്ലാവരെയും ക്ഷണിക്കുന്നു. കേരള സ്റ്റോറി കാണുക, നമ്മുടെ രാജ്യത്തെ പെൺമക്കൾക്കൊപ്പം നിൽക്കുക, നമ്മുടെ രാജ്യത്തിനെതിരായ ഭീകരതയ്‌ക്കെതിരെ ശക്തമായി സംസാരിക്കുക"- സുദീപ്തോ സെൻ കുറിച്ചു.
അതേ സമയം 'കേരള സ്റ്റോറി' കേരളത്തിലെ രൂപതകളിൽ പ്രദർശിപ്പിക്കുന്നത് സഭയുടെ മുൻനിലപാടുകളുടെ തുടർച്ചയെന്ന് വിലയിരുത്തുന്നത്. നർക്കോട്ടിക് ജിഹാദ് നിലവിലുണ്ടെന്ന് കഴിഞ്ഞവർഷം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട് നിലപാടെടുത്തിരുന്നു. ലൗ ജിഹാദ് വഴി കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ഇടുക്കി മുൻ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ 2015-ൽ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് വാദം.
സിനിമ പ്രദർശിപ്പിച്ചതിൽ അനൗചിത്യം ഉണ്ടാകാമെങ്കിലും അതിൽ തെറ്റുണ്ടെന്നു പറയാനാകില്ലെന്ന് സഭയുടെ ഔദ്യോഗികപക്ഷത്തുള്ളവർ പറഞ്ഞു. ഇതിൽ ഒരു രാഷ്ട്രീയവുമില്ല. ഏതെങ്കിലും കക്ഷിക്ക് വോട്ടുചെയ്യാൻ മെത്രാന്മാർ പറഞ്ഞാൽ വിശ്വാസികൾ വോട്ടുചെയ്യുന്ന കാലമൊക്കെ പോയി. മണിപ്പുർ വിഷയമൊക്കെ വിശ്വാസികളുടെ മനസ്സിലുണ്ട് -മുതിർന്ന വൈദികൻ പറഞ്ഞു.