കൊച്ചി: ദിലീപ് നായകനായ 'ഭഭബ' എന്ന ചിത്രത്തിലെ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്ന രംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്തുക്കളായ ഫാഹിം സഫറും നൂറിൻ ഷെരീഫും സംവിധായകൻ ധനഞ്ജയ് ശങ്കറും. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഈ രംഗത്തിന് ബന്ധമുണ്ടെന്നായിരുന്നു ചിത്രത്തിനെതിരെ പ്രധാനമായും ഉയർന്ന വിമർശനം. കഴിഞ്ഞ ഡിസംബർ 18-നാണ് 'ഭഭബ' റിലീസ് ചെയ്തത്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ പശുവിനെ തട്ടിക്കൊണ്ടുപോകുന്ന സംഭാഷണത്തിനൊപ്പം ദിലീപിന്‍റെ കഥാപാത്രം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്ന രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഈ രംഗത്തിന് വിമര്‍ശനം നേരിട്ടത്. സിനിമയുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഈ രംഗം ഉൾപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് ഫാഹിം സഫർ വ്യക്തമാക്കി. സിനിമയിലെ വില്ലന്റെ ചിന്താഗതിയിൽ നിന്നുള്ള ഒരു ദൃശ്യാവിഷ്കാരം മാത്രമാണ് ഈ രംഗമെന്ന് ഫാഹിം കൂട്ടിച്ചേർത്തു. "ആ സീൻ പോലും ഒരു റഫറൻസാണ്. വില്ലൻ ശരിയായ രീതിയിലല്ല ചിന്തിക്കുന്നത്. അപ്പോൾ തന്നെ കൂടെയുള്ള കഥാപാത്രം ആ ചിന്താഗതിയെ 'എന്താണ് സർ' എന്ന് ചോദിച്ച് തടസ്സപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, ഇതൊന്നും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടാവില്ല," ഫാഹിം സഫർ പറഞ്ഞു.

ചിത്രത്തിൽ ഇല്ലാത്ത സംഭാഷണങ്ങൾ കൂട്ടിച്ചേർത്താണ് ചിലർ ഇപ്പോൾ വിമർശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയെ വിമർശിക്കരുത് എന്നോ അല്ലെങ്കിൽ എങ്ങനെ സിനിമ കാണണം എന്നോ പ്രേക്ഷകരോട് പറയുന്നില്ല. അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. എന്നാൽ, ഈ രംഗം ചിത്രത്തിന്റെ പശ്ചാത്തലവുമായി ചേർന്ന് നിൽക്കുന്ന ഒന്നാണെന്നും അദ്ദേഹം ആവർത്തിച്ചു. തിരക്കഥാകൃത്ത് നൂറിൻ ഷെരീഫിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സൈബർ ആക്രമണ സ്വഭാവത്തിലുള്ള കമന്റുകളാണ് ലഭിച്ചതെന്നും ഫാഹിം സഫർ വെളിപ്പെടുത്തി. അഭിപ്രായ പ്രകടനങ്ങൾക്ക് ആരോഗ്യകരമായ ഒരു അതിരുണ്ട്. ആ അതിരുകൾ ലംഘിച്ച് വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് കടക്കുമ്പോൾ അത് വേദനാജനകമാകുന്നു എന്നും ഫാഹിം കൂട്ടിച്ചേർത്തു.