കൊച്ചി: 'യു ടൂ ബ്രൂട്ടസ്' എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. ടൊവിനോ തോമസ് നായകനായെത്തിയ ഈ ചിത്രത്തിന്റെ നിർമ്മാതാവിനെ കണ്ടെത്താൻ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടിയെന്നും, അന്നത്തെ ഒരു പ്രമുഖ നിർമ്മാതാവ് ടൊവിനോയെ ചിത്രത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും രൂപേഷ് വെളിപ്പെടുത്തി.

രണ്ടര വർഷത്തോളം ഈ ചിത്രം വൈകാൻ കാരണം നിർമ്മാതാക്കളെ കിട്ടാത്തതായിരുന്നു. 'എനിക്ക് കോമഡി ചെയ്യാനായിരുന്നു താൽപര്യം. അങ്ങനെയാണ് 'യു ടൂ ബ്രൂട്ടസ്' എഴുതിയത്. ശ്രീനിയേട്ടൻ, ടൊവിനോ, സുധി കോപ്പ, അനു മോഹൻ, അഹമ്മദ് സിദ്ദീഖ് എന്നിവരായിരുന്നു ആദ്യത്തെ കാസ്റ്റ്. ഒന്നര കോടി രൂപ ചെലവുവരുന്ന ചിത്രമായിരുന്നെങ്കിലും നിർമ്മിക്കാൻ ആരും തയ്യാറായില്ല. കാരണം അന്ന് ടൊവിനോ 'എബിസിഡി', 'സെവൻത് ഡേ' തുടങ്ങിയ ചിത്രങ്ങൾ മാത്രമേ ചെയ്തിരുന്നുള്ളൂ, വലിയ താരമൂല്യം അന്ന് അദ്ദേഹത്തിനില്ലായിരുന്നു," രൂപേഷ് പറഞ്ഞു.

'മലയാളത്തിലെ ഏറ്റവും മുന്നിട്ടുനിൽക്കുന്ന ഒരു നിർമ്മാതാവ് അന്ന് ടൊവിനോയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കാരണം തിരക്കിയപ്പോൾ ടൊവിനോയ്ക്ക് ഫ്ലെക്സിബിലിറ്റി ഇല്ലെന്നായിരുന്നു മറുപടി. ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. ടൊവിനോയെ മാറ്റാതെ ചിത്രം ചെയ്യാൻ ഞാൻ ഉറച്ച നിലപാട് സ്വീകരിച്ചു. ഇത് വലിയ തർക്കങ്ങൾക്ക് വഴി തെളിയിച്ചു. നടൻ ശ്രീനിവാസൻ പോലും എന്നോട് ചോദിച്ചു, ഒരാൾക്ക് വേണ്ടി മാത്രം എന്തിനാണ് പിടിച്ചുനിൽക്കുന്നത്, സിനിമ നടക്കണ്ടേ എന്ന്. എന്നാൽ, ടൊവിനോയെ ഒഴിവാക്കി ചിത്രം ചെയ്യാൻ സാധ്യമല്ലെന്ന് ഞാൻ തീർത്തു പറഞ്ഞു,' രൂപേഷ് കൂട്ടിച്ചേർത്തു.