- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാവം, ഈ ഗതി വന്നല്ലോ, എലി കരണ്ടതോ പട്ടി കടിച്ചതോ?'; അക്ഷയ് കുമാറിന്റെ വസ്ത്രത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ; താരത്തിന്റെ പുത്തൻ ലുക്ക് വൈറൽ

മുംബൈ: ബോളിവുഡ് ഖിലാഡി അക്ഷയ് കുമാറിന്റെ പുത്തൻ ലുക്ക് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല'യുടെ ട്രെയിലർ ലോഞ്ചിനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് വിരുന്നായിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കീറിപ്പറിഞ്ഞതും എലി കരണ്ടതുമെന്ന് തോന്നിക്കുന്ന ഔട്ട്ഫിറ്റിലാണ് താരം ചടങ്ങിലെത്തിയത്.
ട്രെയിലർ ലോഞ്ചിന്റെ വീഡിയോകൾ പുറത്തുവന്നതോടെ വസ്ത്രത്തെച്ചൊല്ലി രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. മലയാളികളുൾപ്പെടെയുള്ളവർ ട്രോളുകളുമായി രംഗത്തെത്തി. "പാവം, ഈ ഗതി വന്നല്ലോ", "എലിയാണോ ഔട്ട്ഫിറ്റ് ഡിസൈനർ?", "വരുന്ന വഴിക്ക് പട്ടി കടിച്ചതാണോ?", "എല്ലായിടത്തുമുണ്ടല്ലേ തെരുവ് നായ ശല്യം" എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ. സ്റ്റൈൽ എന്ന പേരിൽ താരം കാട്ടിക്കൂട്ടുന്നത് അതിരുകടന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
അക്ഷയ് കുമാറും പ്രിയദർശനും 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഭൂത് ബംഗ്ല'യ്ക്കുണ്ട്. 2010-ൽ പുറത്തിറങ്ങിയ 'ഖട്ടാ മീഠാ'യ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വാമിഖ ഗബ്ബി നായികയാകുന്ന ചിത്രം ഒരു ഹൊറർ കോമഡി ത്രില്ലറാണ്. 2021-ൽ പുറത്തിറങ്ങിയ 'ഹങ്കാമ 2'വിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.
പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിലെ എക്കാലത്തെയും വലിയ ഹിറ്റായ 'ഭൂൽ ഭുലയ്യ' ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രവും ഒരുങ്ങുന്നത് എന്നത് ആരാധകരിൽ ആവേശം വർദ്ധിപ്പിക്കുന്നു. ജയ്പൂരിലെ ചോമു പാലസാണ് പ്രധാന ലൊക്കേഷൻ. പരേഷ് റാവൽ, രാജ്പാൽ യാദവ് തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ഏപ്രിൽ 17-ന് ചിത്രം തിയേറ്ററുകളിലെത്തും. വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുകൾ നിറയുമ്പോഴും, ഈ ഹിറ്റ് കൂട്ടുകെട്ട് പഴയകാല വിജയങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.


