- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവാർഡ് വേദിയിൽ 'ഐ ലവ് യു' കേട്ട് ഞെട്ടി ബേസിൽ; പരിഭ്രമം കൊണ്ട് തിരിച്ചു പറഞ്ഞ മറുപടി വൈറൽ; പൊന്മാനിലെ പ്രകടനത്തിന് പുരസ്കാരം ഏറ്റുവാങ്ങിയ താരം സദസ്സിനെ ചിരിപ്പിച്ചത് ഇങ്ങനെ

കൊച്ചി: ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച അവാർഡ് ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ബേസിൽ ജോസഫിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 'പൊന്മാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബേസിലിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ബോളിവുഡിലെ ഇതിഹാസ സംവിധായകരായ രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര എന്നിവരിൽ നിന്നാണ് ബേസിൽ അവാർഡ് ഏറ്റുവാങ്ങിയത്. പുരസ്കാര വേദിയിലെ തന്റെ പരിഭ്രമത്തെക്കുറിച്ച് ബേസിൽ വാചാലനായി.
"ഇത്രയും വലിയ വേദിയിൽ എത്തിയപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ധരിച്ചിരുന്ന കോസ്റ്റ്യൂം ആ ടെൻഷൻ ഇരട്ടിയാക്കി. സാധാരണ ഇത്തരം വസ്ത്രങ്ങൾ ധരിക്കാറില്ലാത്തതുകൊണ്ട് ആളുകൾ എന്തുപറയുമെന്ന് പേടിയുണ്ടായിരുന്നു," ബേസിൽ പറഞ്ഞു. സദസ്സിൽ വെച്ചുണ്ടായ ഒരു രസകരമായ സംഭവവും താരം പങ്കുവെച്ചു. "ആരെങ്കിലും എന്നെ കാണാൻ നന്നായിട്ടുണ്ടെന്ന് പറഞ്ഞാൽ 'യു ആർ ലുക്കിങ് സോ ഗുഡ് ടൂ' എന്ന് മറുപടി പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.
എന്നാൽ ഹാളിലേക്ക് കയറിയപ്പോൾ ഒരു നടി എന്നെ നോക്കി 'ബേസിൽ ഐ ലവ് യു' എന്ന് പറഞ്ഞു. പരിഭ്രമം കാരണം പെട്ടെന്ന് 'ഐ ലവ് യു ടൂ' എന്ന് മറുപടി പറഞ്ഞുപോയി. ഉടൻ തന്നെ അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്രയും നെർവസായാണ് ഞാൻ അവിടെ ഇരുന്നത്," ബേസിൽ ചിരിയോടെ ഓർത്തെടുത്തു. സംവിധായകനായി കരിയർ തുടങ്ങിയ താൻ ഇപ്പോൾ അഭിനയത്തിന് പ്രശംസകൾ ഏറ്റുവാങ്ങുന്നതിൽ സന്തോഷമുണ്ടെന്നും ഈ അംഗീകാരത്തിന് 'പൊന്മാന്റെ' സംവിധായകൻ ജ്യോതിഷ് ശങ്കറിനോടാണ് കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്കുമാർ ഹിരാനിയുടെ സിനിമകൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു. അവാർഡ് വേദിയിൽ ബേസിൽ നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ വിസ്മയിപ്പിക്കുന്ന ബേസിൽ ജോസഫ്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് അവാർഡ് വേദിയിലെ തന്റെ രസകരമായ പ്രസംഗത്തിലൂടെയാണ്.


