ലോസ് ഏഞ്ചൽസ്: ലോക സിനിമ ചരിത്രത്തിൽ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്ക്. ലോകം മുഴുവനുള്ള ആരാധകരെ അത്ഭുതപ്പെടുത്തിയ ചിത്രം. ഈ സിനിമയിലെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. ഓരോ മുഹൂർത്തങ്ങളും ഇന്നും സിനിമപ്രേമികൾ നെഞ്ചോട് ചേർക്കുന്നതാണ്.

സിനിമയെ പോലെ തന്നെ ചിത്രത്തിൽ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ കപ്പൽ മുങ്ങുന്ന സമയത്ത് ജാക്കിനെ രക്ഷിക്കാൻ ഓടി വരുമ്പോൾ നായിക കേറ്റ് ധരിച്ച കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ട് ലേലത്തിന് വെക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. സെപ്റ്റംബർ 13ന് ഓൺലൈനായാണ് ലേലം. 34,000 ഡോളർ (2,820,553 രൂപ) മുതലാണ് ലേലത്തുക ആരംഭിക്കുന്നത്. ഒരു ലക്ഷം ഡോളർ വരെ ലേലത്തുക പോകാമെന്നാണ് കരുതുന്നത്.

ഗോൾഡിൻ എന്ന ഓക്ഷൻ ഹൗസാണ് ഓവർകോട്ട് ലേലത്തിന് വെക്കുന്നത്. ഡെബോറ ലിൻ സ്‌കോട്ടാണ് കോട്ട് ഡിസൈൻ ചെയ്തത്. ടൈറ്റാനിക്കിലെ വസ്ത്രങ്ങൾക്ക് ലിൻ സ്‌കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കർ പുരസ്‌കാരവും ലഭിച്ചിരുന്നു. ജാക്കിനെ രക്ഷിക്കാൻ റോസ് ഓടുന്നതിനിടെ വസ്ത്രത്തിൽ പലയിടത്തും കറകൾ പറ്റിയിരുന്നു. ആ കറകളോടെയാണ് വസ്ത്രം ലേലത്തിന് വെക്കുന്നത്.