കൊച്ചി: മലയാള സിനിമയിലെ ‘ഹിറ്റ്’ കൂട്ടുകെട്ടാണ് ടൊവിനോ തോമസും ബേസിൽ ജോസഫും. ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും ഇവരുടെ സൗഹൃദം മലയാളി പ്രേക്ഷകർക്ക് എന്നും ആഘോഷമാണ്. സിനിമയ്ക്കപ്പുറം തങ്ങൾക്കിടയിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ടൊവിനോ തോമസ് മനസ്സ് തുറക്കുന്നു. തനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാൻ പോലും ബേസിൽ തയ്യാറാകുമെന്നാണ് ടൊവിനോ പറയുന്നത്.

സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആത്മമിത്രത്തെക്കുറിച്ച് വാചാലനായത്. "ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എനിക്ക് നേരെ ഒരു വെടിയുണ്ട വന്നാൽ അവർ അതിന് മുൻപിലേക്ക് ചാടി വീണ് എന്നെ രക്ഷിക്കും. സ്വന്തം ജീവനേക്കാൾ അവർ എനിക്ക് വില നൽകുന്നുണ്ടെന്ന് എനിക്കുറപ്പാണ്," ടൊവിനോ പറഞ്ഞു.

സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെയാണ് താരം ബേസിലിന്റെ പേര് പറഞ്ഞത്. "ഞാനും ബേസിലും അടുത്ത സുഹൃത്തുക്കളാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് നൂറു ശതമാനം ശരിയുമാണ്. വലിയ സ്വപ്നങ്ങളുമായി സിനിമയിലെത്തിയ സാധാരണക്കാരാണ് ഞങ്ങൾ രണ്ടുപേരും. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് പരസ്പരം കാര്യങ്ങൾ എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ സാധിക്കും. എനിക്ക് വേണ്ടി അവൻ വെടിയുണ്ട ഏറ്റുവാങ്ങും, തിരിച്ചും ഞാൻ അങ്ങനെ തന്നെ ചെയ്യും," താരം കൂട്ടിച്ചേർത്തു.

പരസ്പരം തമാശകൾ വിശദീകരിക്കേണ്ടി വരാത്ത അത്രയും വലിയ കെമിസ്ട്രിയാണ് തങ്ങൾക്കിടയിലുള്ളതെന്നും ടൊവിനോ പറയുന്നു. "എന്റെ മോശം തമാശകൾ പോലും അവന് മനസ്സിലാകും. തിരിച്ചും അങ്ങനെ തന്നെ. ഞങ്ങളുടെ ഇടയിൽ നാടകീയമായ ചർച്ചകളുടെ ആവശ്യമില്ല. സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ഞങ്ങൾ പരസ്പരം കളിയാക്കാറുണ്ട്. ഇടയ്ക്ക് മാത്രമേ ഗൗരവമായി മനസ്സ് തുറന്ന് സംസാരിക്കാറുള്ളൂ. പക്ഷേ പല കാര്യങ്ങളും പറയേണ്ടതില്ല, അത്രത്തോളം ഞങ്ങൾക്ക് പരസ്പരം അറിയാം," ടൊവിനോ പറഞ്ഞു.