എല്ലാ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റിനും ആരാധകര്‍ക്കിടയില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്പുരാനിലെ ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ ജന്മ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്.

ജതിന്‍ രാമദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ എമ്പുരാനില്‍ അവതരിപ്പിക്കുന്നത്. അധികാരം ഒരു മിഥ്യയാണ് എന്നാണ് ജിതിന്‍ രാംദാസിന്റെ ടാഗ്‌ലൈന്‍. ലൂസിഫറില്‍ അതിഥി വേഷത്തില്‍ എത്തിയ ജിതിന്‍ രാംദാസ് എമ്പുരാനില്‍ മുഴുനീള കഥാപാത്രമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജിതിന്‍ എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്.

അതേസമയം എമ്പുരാന്റെ ടീസര്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുന്ന ഒരു അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ ടീസര്‍ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ടീസര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവെക്കുന്നുണ്ട്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈര്‍ഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുണ്ട്. മാത്രമല്ല മ്യൂസിക് 21 സെക്കന്റോളം പ്ലേ ചെയ്തിരിക്കുന്നതായും കാണാം. ഇതില്‍ നിന്ന് ടീസറിന് രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുണ്ടാകുമെന്ന നിഗമനത്തിലാണ് പലരും എത്തിയിരിക്കുന്നത്.