കൊച്ചി: സോഷ്യല്‍ മീഡിയയില്‍ കൗണ്ടറടികള്‍ കൊണ്ടാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും നിറഞ്ഞു നില്‍ക്കുന്നത്. പരസ്പ്പരം ട്രോളുന്ന ഇവര്‍ വീണ്ടും സൈബറിടത്തില്‍ ശ്രദ്ധ നേടുകയാണ്. പൊന്മാന്റെ വിജയത്തില്‍ നടന്‍ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ രംഗത്തെത്തിയപ്പോള്‍ അതിന് ബേസിലിന്റെ വക കൗണ്ടറുമെത്തി.

'പൊന്‍മാന്റെ വിജയത്തില്‍ അഭിനന്ദനങള്‍, ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ തേടിയെത്തട്ടെ. I« Waiting for your next! അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ! കോടികള്‍ വാരട്ടെ', എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊന്‍മാനില്‍ നിന്നുള്ള ബേസിലിന്റെ ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ഉടനെ പോസ്റ്റിന് താഴെ കമന്റുമായി ബേസില്‍ ജോസഫ് എത്തി.

'തരാനുള്ള പൈസ പ്രൊഡ്യൂസര്‍ ബാക്കി താ, എന്നിട്ട് സംസാരിക്കാം' എന്നാണ് ബേസിലിന്റെ കമന്റ്. 'സൗഹൃദത്തിന് വില പറയുന്നോടാ ഛെ ഛെ ഛെ..' എന്ന് ടൊവിനോയും ബേസിലിന് റിപ്ലൈയുമായി എത്തിയിട്ടുണ്ട്. ബേസില്‍ നായകനായി എത്തുന്ന അടുത്ത ചിത്രം മരണമാസ് നിര്‍മിക്കുന്നത് ടൊവിനോയാണ്. മരണമാസില്‍ പ്രധാന വേഷത്തിലെത്തുന്ന സിജു സണ്ണിയും തമാശ നിറഞ്ഞ കമന്റുമായി എത്തി.

'അടുത്ത പടം കോടിക്കണക്കിന് കോടികള്‍ വാരണേ, ഞങ്ങളുടെ പ്രൊഡ്യൂസര്‍ ഒരു ലക്ഷപ്രഭു ആകണേ', എന്ന സിജുവിന്റെ കമന്റ്. 'പ്രൊഡ്യൂസറിനെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏത് വിധേനയും തടയുന്നതായിരിക്കും', എന്ന് സിജുവിന് ടൊവിനോ തോമസ് മറുപടി നല്‍കിയിട്ടുണ്ട്.

നവാഗതനായ ശിവപ്രസാദ് ആണ് മരണമാസ് സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രിലില്‍ തിയേറ്ററിലെത്തും. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.