- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം, അപ്പീലിന് പോകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു'; അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ തോമസ്
തൃശൂർ: നടി ആക്രമിച്ച കേസിൽ അതിജീവിതക്കൊപ്പമെന്ന് നടൻ ടൊവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് ഏറ്റവും പ്രധാനമെന്നും, ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം നാടായ തൃശൂരിലെ ഇരിങ്ങാലക്കുടയിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
കേസിൽ സർക്കാർ അപ്പീലിന് പോകാനുള്ള തീരുമാനം നല്ല കാര്യമാണെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. താൻ കേസ് ഫയലുകളോ സംഭവങ്ങളോ നേരിട്ട് കണ്ടിട്ടില്ലെന്നും, അതിനാൽ കോടതിവിധികളെ വിശ്വസിക്കണമെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ, ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവർ ഒരുകാരണവശാലും രക്ഷപ്പെടരുതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
നടിയെ അക്രമിച്ച കേസിൽ എട്ടു വർഷത്തിനു ശേഷമാണ് തിങ്കളാഴ്ച വിധി വന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.




