- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം.. നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ'; കാപട്യം പൂത്തുലയുന്നു, പിന്നാലെ ജീർണ്ണതയും; കുറിപ്പുമായി കസബാ സംവിധായകൻ നിഥിൻ; ആളുകൾ ഇതൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചിൽ ചെയ്യുകയാണെന്ന് ഗീതു മോഹൻദാസും
കൊച്ചി: ടോക്സിക് ചിത്രത്തിന്റെ ടീസര്‍ ചര്‍ച്ചയായതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് കസബ സംവിധായകന്‍ നിഥിൻ രൺജി പണിക്കർ. മമ്മൂട്ടി ചിത്രം 'കസബ' സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞ് ആക്രമിച്ചവർ കന്നഡയിൽ കോടികൾ മുടക്കി സകല മസാലകളും ചേർത്ത് സിനിമയെടുത്തതിലെ ഇരട്ടത്താപ്പാണ് നിഥിൻ ചൂണ്ടിക്കാട്ടുന്നത്. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ കടമെടുത്തായിരുന്നു നിഥിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. നിധിൻ രഞ്ജി പണിക്കരുടെ വിമർശനങ്ങൾക്ക് നേരിട്ടുള്ള മറുപടിയല്ലെങ്കിലും, സാമൂഹിക മാധ്യമങ്ങളിലെ പൊതുവായ ചർച്ചകളോടുള്ള പ്രതികരണം എന്ന നിലയിൽ ഗീതു മോഹൻദാസ് രംഗത്തെത്തി.
"നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു... പിന്നാലെ ജീർണ്ണതയും. എങ്കിലും... ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും; അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്," എന്ന വരികളാണ് നിഥിൻ പങ്കുവെച്ചത്. ഇത് ഗീതു മോഹൻദാസിനെ ലക്ഷ്യമിട്ടാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളും സിനിമാപ്രേമികളും വിലയിരുത്തുന്നു.
2016-ൽ നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കസബ' റിലീസ് ചെയ്തതിന് ശേഷം വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ചിത്രം സ്ത്രീവിരുദ്ധമാണെന്ന് നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്രമേളയിൽ വിമർശിച്ചിരുന്നു. അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയോട് 'സേ ഇറ്റ്' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഗീതു മോഹൻദാസായിരുന്നു. അന്ന് ഗീതു എതിർത്ത അതേ 'ടോക്സിക് മാസ്കുലിനിറ്റി' (വിഷലിപ്തമായ പുരുഷത്വം) സ്വന്തം സിനിമയിലൂടെ ആഘോഷിക്കുമ്പോൾ എന്ത് സന്ദേശമാണ് അവർ നൽകാൻ ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് നിഥിന്റെ പോസ്റ്റിലൂടെ ഉയരുന്നത്.
നടി റിമ കല്ലിങ്കൽ പങ്കുവെച്ച റീലിന്റെ സ്‌ക്രീൻഷോട്ട് ഫെയ്‌സ്ബുക്കിൽ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തിൽ ഗീതുവിന്റെ പ്രതികരണം. 'സ്ത്രീകളുടെ ലൈംഗികാനന്ദം, കൺസെന്റ്, അധികാരത്തെ നിയന്ത്രിക്കുന്ന രീതി എന്നിവയെക്കുറിച്ച് ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചിൽ ചെയ്യുകയാണ്' എന്നതായിരുന്നു ആ പോസ്റ്റിലെ ഉള്ളടക്കം. ഈ വിഷയത്തിൽ 'കസബ' എന്ന മമ്മൂട്ടി ചിത്രം നേരിട്ട വിമർശനങ്ങളും നിധിൻ രഞ്ജി പണിക്കരുടെ പങ്കും ശ്രദ്ധേയമാണ്.
നിധിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത 'കസബ' സ്ത്രീവിരുദ്ധ രംഗങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ വെച്ച് നടി പാർവതി തിരുവോത്ത് 'കസബ'യിലെ സ്ത്രീവിരുദ്ധതയെ രൂക്ഷമായി വിമർശിച്ചിരുന്നു. അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിക്ക് പിന്തുണ നൽകി പേര് വെളിപ്പെടുത്താൻ പ്രോത്സാഹിപ്പിച്ചത് ഗീതു മോഹൻദാസായിരുന്നു.
നടൻ യാഷിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസമാണ് 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അശ്ലീലവും ആക്ഷനും മാസും നിറഞ്ഞ രംഗങ്ങൾ സൈബർ ഇടങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ചിത്രം മാർച്ച് 19-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.




