കൊച്ചി: ജീവിതത്തിൽ ഏഴ് തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തി നടി മോഹിനി. ഇതിന് പിന്നിൽ ഭർത്താവിൻ്റെ ബന്ധുവായ സ്ത്രീയുടെ കൂടോത്രമാണെന്നും താരം ആരോപിച്ചു. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹിനി ഈക്കാര്യം തുറന്നുപറഞ്ഞത്. 8 വർഷത്തെ സിനിമാ ജീവിതത്തിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച മോഹിനി, കരിയറിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോഴാണ് ഭരതനെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് താമസം മാറ്റുന്നത്.

എന്നാൽ, ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിലെ സന്തോഷം കാലക്രമേണ വിഷാദത്തിലേക്ക് വഴിമാറിയതായി അവർ വെളിപ്പെടുത്തി. വിവാഹശേഷം കുടുംബ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് താൻ വിഷാദരോഗത്തിന് അടിമപ്പെട്ടതെന്നും, അതിൻ്റെ കാരണമായി ബന്ധുവായ സ്ത്രീയുടെ കൂടോത്രത്തെ സംശയിക്കുന്നതായും മോഹിനി പറഞ്ഞു. ജീവിതത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നിട്ടും അസാധാരണമായ മാനസിക സംഘർഷങ്ങൾ അനുഭവിച്ചതായും, ഇത് മരണത്തെക്കുറിച്ചുള്ള ചിന്തകളിലേക്ക് നയിച്ചതായും അവർ വ്യക്തമാക്കി.

ഒരു ജോത്സ്യനെ കണ്ടപ്പോഴാണ് തനിക്ക് കൂടോത്രം സംഭവിച്ചതായി മനസ്സിലാക്കിയതെന്നും, പിന്നീട് ജീസസിലുള്ള വിശ്വാസമാണ് തന്നെ ഈ അവസ്ഥയിൽ നിന്ന് കരകയറ്റിയതെന്നും മോഹിനി കൂട്ടിച്ചേർത്തു. 2006-ൽ ബ്രാഹ്മണയായിരുന്ന മോഹിനി ക്രിസ്തുമതം സ്വീകരിച്ചിരുന്നു.'പഞ്ചാബി ഹൗസ്', 'പരിണയം', 'ഈ പുഴയും കടന്ന്' തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹിനി, തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു. നിലവിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം.