- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാം പുരുഷന്മാരുടെ തമാശകളെന്ന് ഉറപ്പ്, ഏതു നേരവും പരിഹസിച്ചു ചിരിക്കുന്നത് അത്ര രസകരമല്ല'; ആർത്തവ ദിനങ്ങളിലെ ഷൂട്ടിങ്ങിനെപ്പറ്റി പറഞ്ഞത് നാഷണൽ ജോക്കായി; മറുപടിയുമായി അയേഷ ഖാൻ

മുംബൈ: ആർത്തവ ദിനങ്ങളിൽ ഗാനരംഗം ചിത്രീകരിച്ചുവെന്ന വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന ട്രോളുകൾക്കും പരിഹാസങ്ങൾക്കുമെതിരെ നടി അയേഷ ഖാൻ. തന്റെ തുറന്നുപറച്ചിലിനോടുള്ള പ്രതികരണങ്ങൾ ഭയപ്പെടുത്തുന്നതായും പരിഹാസങ്ങൾ "ഡാർക്ക് ഹ്യൂമർ" ആകുന്നതിലെ ഖേദവും നടി മോജോ സ്റ്റോറിയുടെ വിമൻ ഓഫ് ഇന്ത്യ ഉച്ചകോടിയിൽ പ്രകടിപ്പിച്ചു. രൺവീർ സിംഗ് നായകനായ, ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'ധുരന്ധറി'ലെ 'ഷരാരത്ത്' എന്ന ഗാനരംഗത്തെക്കുറിച്ചാണ് അയേഷ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
ആഗോളതലത്തിൽ 1300 കോടി രൂപ നേടിയ 'ധുരന്ധറി'ലെ 'ഷരാരത്ത്' ഗാനം രണ്ട് ദിവസമെടുത്താണ് അയേഷ ഖാൻ ക്രിസ്റ്റൽ ഡിസൂസയ്‌ക്കൊപ്പം നൃത്തം ചെയ്തത്. ഈ സമയത്ത് താൻ ആർത്തവത്തിലായിരുന്നുവെന്നും, ശാരീരിക ബുദ്ധിമുട്ടുകളില്ലായിരുന്നെങ്കിൽ കൂടുതൽ നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നും അയേഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയ തോതിൽ ട്രോളിന് ഇരയായെന്നും, ട്രോൾ ചെയ്തവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി.
"ഈയിടെയായി നിങ്ങൾ എന്തു ചെയ്താലും പറഞ്ഞാലും അതെല്ലാം തമാശയും 'ഡാർക്ക് ഹ്യൂമറും' നേരമ്പോക്കുമായി മാറുന്നത് ഖേദകരമാണ്. എല്ലാറ്റിനെയും ചിരിയോടെ സമീപിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ, എല്ലാറ്റിനെയും ഏതു നേരവും പരിഹസിച്ചു ചിരിക്കുന്നത് അത്ര രസകരമായ ഒന്നല്ല," അയേഷ പ്രതികരിച്ചു. ആർത്തവം സ്വാഭാവിക ശാരീരിക പ്രക്രിയയാണെന്നും, അതിനെക്കുറിച്ച് സംസാരിക്കുന്നത് സാധാരണമാണെന്നും അയേഷ പറഞ്ഞു.
"എനിക്കത് സാധാരണമായ ഒന്നായതുകൊണ്ട് ഞാൻ അത് കരുതിയിരുന്നത് കൂടിയല്ല. ഓരോ മാസവും നാം ഈ സൈക്കളിലൂടെ കടന്നുപോകുന്നുണ്ട്. ആർത്തവസമയത്ത് നാം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുമുണ്ട്," അവർ കൂട്ടിച്ചേർത്തു. തന്റെ ആർത്തവം പെട്ടെന്നൊരു നാഷണൽ ജോക്കായി മാറിയത് ഏറെ വേദനാജനകമായെന്ന് അവർ പറഞ്ഞു. ആൺമക്കളേയും സഹോദരന്മാരേയും ആർത്തവത്തെക്കുറിച്ച് ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും അയേഷ ഊന്നിപ്പറഞ്ഞു. "ഈ തമാശകളെല്ലാം പുരുഷന്മാരിൽ നിന്നാണ് വന്നതെന്ന് എനിക്കുറപ്പാണ്," അവർ പറഞ്ഞു.


