കൊച്ചി: മലയാള സിനിമയിലെ ആദ്യദിന കളക്ഷൻ റെക്കോർഡുകൾ തകർത്ത് മമ്മൂട്ടി ചിത്രമായ ടർബോ. ടർബോ ജോസ് എന്ന കഥാപാത്രമായി മലയാളികളെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിസൽറ്റ് പുറത്തുവന്നിരിക്കുകയാണ്.

6.2 കോടി രൂപയാണ് ചിത്രം ആദ്യ ദിവസത്തിൽ വാരിയത്. ഇതോടെ ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമായി ടർബോ മാറി. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ റെക്കോർഡാണ് ടർബോ തകർത്തത്. 5.86 കോടിയായിരുന്നു വാലിബന്റെ ആദ്യ ദിന കളക്ഷൻ. പൃഥ്വിരാജിന്റെ ആടുജീവിതം 5.83 കോടിയാണ് നേടിയത്. ആദ്യ ഷോയിൽത്തന്നെ വെടിക്കെട്ട് റിപ്പോർട്ട് പുറത്തുവന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ വലിയ വർധനവുണ്ടായി. 224 എക്‌സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെല്ലാം തിയറ്ററുകളിൽ ആവേശം തീർക്കുകയാണ്. ഏറെ നാളിന് ശേഷം മമ്മൂട്ടിയെ മാസ് വേഷത്തിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടി, തെലുങ്ക് നടൻ സുനിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.