തെന്നിന്ത്യന്‍ സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഉപാസന സിങ്. രാത്രി തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. അതിന്റെ ആഘാതം തന്നെ വലിയ തോതില്‍ ബാധിച്ചു. ഒരാഴ്ചയോളം മുറിയില്‍ നിന്നും പുറത്തിറങ്ങാതെ അടച്ചിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വലിയ തെന്നിന്ത്യന്‍ ചലച്ചിത്ര സംവിധായകന്റെ അനില്‍ കപൂര്‍ ചിത്രത്തിനായി ഞാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. സംവിധായകന്റെ ഓഫീസില്‍ പോകുമ്പോഴെല്ലാം ഞാന്‍ എന്റെ അമ്മയെയോ സഹോദരിയെയോ കൊണ്ടുപോകുമായിരുന്നു. എന്തുകൊണ്ടാണ് എപ്പോഴും അവരെ കൂടെ കൊണ്ടുവരുന്നതെന്ന് ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു.

രാത്രി 11.30ന് വിളിച്ച് കൂടിക്കാഴ്ചയ്ക്കായി ഹോട്ടലിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. കാര്‍ ഇല്ലാതിരുന്നതിനാല്‍ അടുത്ത ദിവസം കഥ കേള്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അര്‍ഥം മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ അയാളുടെ ഓഫീസിലേക്ക് പോയി. അദ്ദേഹം മറ്റ് മൂന്ന്, നാല് പേരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി എന്നോട് പുറത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ അത് അനുസരിച്ചില്ല. അവരുടെ മുന്നില്‍ വച്ച് പഞ്ചാബിയില്‍ ഞാന്‍ അയാളെ ചീത്ത വിളിച്ചു. ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ ഞാന്‍ സിനിമയെ കുറിച്ചോര്‍ത്തു. അനില്‍ കപൂര്‍ സിനിമയില്‍ ഒപ്പിട്ട കാര്യം ഞാന്‍ പലരേയും അറിയിച്ചിരുന്നു.

ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. ഈ സംഭവം തന്നില്‍ വലിയ ആഘാതം സൃഷ്ടിച്ചു. പിന്നീടുള്ള ഏഴ് ദിവസങ്ങളില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. ആളുകളോട് എന്ത് പറയും എന്ന് ആലോചിച്ച് നിര്‍ത്താതെ കരഞ്ഞു. പക്ഷേ, ആ ഏഴ് ദിവസങ്ങള്‍ എന്നെ കൂടുതല്‍ ശക്തയാക്കി. അമ്മയെ കുറിച്ച് ആലോചിച്ചതോടെ സിനിമ ഉപേക്ഷിക്കില്ലെന്ന് തീരുമാനിച്ചു എന്നാണ് ഉപാസന പറയുന്നത്.