കൊച്ചി: സമകാലിക മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ച് മനസ്സ് തുറന്ന് നടി ഉർവശി. നസ്രിയ നസീം മലയാള സിനിമയിൽ സജീവമായി നിന്നിരുന്നെങ്കിൽ ഏത് തരം വേഷവും കൈകാര്യം ചെയ്യുന്ന മികച്ച നടിയായി മാറുമായിരുന്നു എന്ന് ഉർവശി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചത്.

നസ്രിയയുടെ സ്ക്രീൻ പ്രസൻസിനെ വാനോളം പുകഴ്ത്തിയ ഉർവശി, താരം സിനിമയിൽ അത്ര സജീവമല്ലാത്തതിൽ ചെറിയ വിഷമമുണ്ടെന്നും കൂട്ടിച്ചേർത്തു. "മീര ജാസ്മിനും നവ്യ നായരുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷേ നസ്രിയ ഇവിടെ സജീവമായി നിന്നിരുന്നെങ്കിൽ ഒരു ഉഗ്രൻ നടിയായേനെ. ഒരേസമയം മോഡേൺ വേഷങ്ങളും നാടൻ കഥാപാത്രങ്ങളും സ്മാർട്ടായി ചെയ്യാൻ ആ കുട്ടിക്ക് സാധിക്കും. 'ഓം ശാന്തി ഓശാന' ആയാലും 'ബാംഗ്ലൂർ ഡെയ്‌സ്' ആയാലും ആ കുട്ടിയെ കണ്ടിരിക്കാൻ നല്ല രസമാണ്. അങ്ങനെയൊരു ഭാഗ്യം ആ കുട്ടിക്കുണ്ട്," ഉർവശി പറഞ്ഞു.

യുവനിരയിലെ നടന്മാരിൽ ഫഹദ് ഫാസിലിനോടാണ് തനിക്ക് ഏറെ താല്പര്യമെന്നും ഉർവശി വെളിപ്പെടുത്തി. നായക പരിവേഷത്തിന് പിന്നാലെ പോകാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഫഹദിനെ ഇഷ്ടപ്പെടാൻ കാരണമെന്നും അവർ പറഞ്ഞു.

"ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. അഭിനയിക്കാൻ വന്ന കാലം മുതൽ ഇതുവരെ അദ്ദേഹം നടത്തിയ കഥാപാത്ര തിരഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. ഒരിക്കലും ഹീറോയിസം കാണിക്കാൻ വേണ്ടിയുള്ള വേഷങ്ങളല്ല ഫഹദ് ചെയ്യുന്നത്. ലുക്കിലോ വിഗ്ഗ് വെക്കുന്നതിലോ ഒന്നും അദ്ദേഹത്തിന് നിർബന്ധങ്ങളില്ല. കഥാപാത്രത്തിന് പ്രാധാന്യമുള്ള വേഷങ്ങൾ ഏറ്റവും മനോഹരമായി ചെയ്യുക എന്ന നിലപാടാണ് ഫഹദിന്റേത്. ഏകദേശം എന്റെ അതേ നിലപാടാണത്," ഉർവശി വ്യക്തമാക്കി. 2024-ൽ പുറത്തിറങ്ങിയ 'സൂക്ഷ്മദർശിനി'യാണ് നസ്രിയയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. സൂര്യ നായകനാകുന്ന 'സൂര്യ 47' ആണ് നസ്രിയയുടെ പുതിയ പ്രോജക്റ്റ്.