കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ ചിത്രങ്ങളെന്ന് നടൻ സായ്കുമാറിൻ്റെ മകളും നടിയുമായ വൈഷ്ണവി സായ്കുമാർ. തൻ്റെ പിതാവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇത്തരം ചിത്രങ്ങൾ ആവശ്യമില്ലെന്നും, കുടുംബത്തിൻ്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും വൈഷ്ണവി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈഷ്ണവി സായ്കുമാറിൻ്റെ ഒരു എഐ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അച്ഛന്‍ സായ്കുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ ചിത്രമാണ് വൈറലായത്. ഐഐയുടെ സഹായത്തോടെ വൈഷ്ണവിയുടെ തോളില്‍ കൈ വച്ചിരിക്കുന്ന സായ്കുമാറിനെ സൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രം. അപൂര്‍ണമായൊരു സ്വപ്‌നം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കപ്പെട്ടത്. ഈ വിഷയം മാധ്യമങ്ങളിലും വാർത്തയാകുകയും ചെയ്തു.

ഇതിനെത്തുടർന്നാണ് വൈഷ്ണവി പ്രതികരണവുമായി എത്തിയത്. തൻ്റെ ഔദ്യോഗിക പേജിലല്ല ഈ ചിത്രം പങ്കുവെച്ചിട്ടുള്ളതെന്നും, ആരാധകർ തയ്യാറാക്കിയ ഒരു ഫാൻ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടതെന്നും അവർ വിശദീകരിച്ചു. 'എൻ്റെ അച്ഛനും അമ്മയും എൻ്റെ കുടുംബവും നിങ്ങൾക്ക് എഴുതി രസിക്കാനോ വിലയിരുത്താനോ ഉള്ളവരല്ല, എൻ്റെ അച്ഛനോടുള്ള സ്നേഹം ഇങ്ങനെ എഐ ചിത്രങ്ങളിലൂടെ തെളിയിക്കേണ്ട കാര്യമില്ല. ദയവായി എൻ്റെ വ്യക്തിജീവിതത്തെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ഞങ്ങളെ സമാധാനമായി ജീവിക്കാൻ അനുവദിക്കുക.' എന്നും വൈഷ്‌ണവി കുറിച്ച്.

അച്ഛൻ സായ്കുമാറിൻ്റെ വഴിയെ ക്യാമറക്ക് മുന്നിലെത്തിയ വൈഷ്ണവി, 'കയ്യെത്തും ദൂരത്ത്' എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സീരിയലുകളിലൂടെയും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും ടെലിവിഷൻ രംഗത്തും നിറ സാന്നിധ്യമാണ്.