മലയാളത്തിൽ എക്കാലത്തെയും മികച്ച മാസ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണി. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ 'വല്യേട്ടൻ' ചിത്രം ഇന്നും ആരാധകരുടെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ്. മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. 2000 ൽ പുറത്തിറങ്ങിയ വല്യേട്ടനും വീണ്ടും തീയറ്ററുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. 24 വർഷങ്ങൾക്ക് ശേഷം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തിക്കുന്നത്.

ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ ഛായാഗ്രഹകന്മാരിൽ ഒരാളായ രവി വർമ്മൻ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നത്. രാജാമണിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. ചിത്രസംയോജനം നിർവഹിച്ചത് എൽ ഭൂമിനാഥനായിരുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് എം ആർ രാജാകൃഷ്ണൻ നിർവഹിച്ചപ്പോൾ ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് ചെയ്തത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷും റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.