ദിലയ്‌ക്കൊപ്പമുള്ള ചിത്രത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ വിമർശകയായ നോറയ്‌ക്ക് രൂക്ഷമായ മറുപടിയുമായി ബിഗ് ബോസ് മുൻ മത്സരാർത്ഥി വേദലക്ഷ്മി. നോറയുടെ പ്രതികരണങ്ങളെ "മാവിൻചുവട്ടിൽ വളരാൻ ശ്രമിക്കുന്ന ഇത്തിക്കണ്ണി" എന്നാണ് വേദലക്ഷ്മി വിശേഷിപ്പിച്ചത്.

ലെസ്ബിയൻ ദമ്പതികളായ ആദില-നൂറമാർക്കെതിരെ മുൻപ് നടത്തിയ പരാമർശങ്ങളെത്തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ 7-ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്മി വലിയ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇത്തരത്തിലുള്ളവരെ വീട്ടിൽ കയറ്റില്ലെന്ന വേദലക്ഷ്മിയുടെ പ്രസ്താവന ചർച്ചയായിരുന്നു. ഇതിനു പിന്നാലെ വേദലക്ഷ്മി ആദിലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വീണ്ടും സംവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു. ആദിലയുടെയും നൂറയുടെയും അടുത്ത സുഹൃത്തും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ നോറ ഈ ചിത്രത്തെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയതോടെയാണ് പുതിയ വാദപ്രതിവാദങ്ങൾ ഉടലെടുത്തത്.

ചിത്രം പോസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള വിശദീകരണത്തിൽ, ബിഗ് ബോസ് മത്സരാർത്ഥികൾ ഒരു മെന്റലിസം ഷോയിൽ പങ്കെടുത്ത ശേഷം താൻ ആദിലയെ വിളിച്ചുവെന്ന് വേദലക്ഷ്മി പറഞ്ഞു. ഫിനാലെയുടെ സമയത്ത് തങ്ങൾ കാരവാനിൽ വെച്ച് ഒരുമിച്ചെടുത്ത ഒരു ചിത്രം തന്റെ പക്കലുണ്ടായിരുന്നതായും അത് പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആദില കൊളാബ് ആയി ഇടാമോ എന്ന് ചോദിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. അങ്ങനെ പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ആ ചിത്രം പങ്കുവെച്ചതെന്നും വേദലക്ഷ്മി കൂട്ടിച്ചേർത്തു.

"ഐഡിയോളജിക്കൽ ഡിസെഗ്രിമെന്റ്സ് ഉള്ളവർ ഒരിക്കലും ഫ്രണ്ട്ലിയായിട്ട് പെരുമാറരുതെന്നോ ഒരു ഫോട്ടോയ്ക്ക് ഒരുമിച്ച് നിൽക്കരുതെന്നോ ഒന്നുമില്ല," വേദലക്ഷ്മി പറഞ്ഞു. ഒരാൾക്ക് ചിലപ്പോൾ ചില ജീവിതരീതികളോടോ ബന്ധങ്ങളോടോ യോജിച്ച് പോകാൻ കഴിഞ്ഞെന്നു വരില്ലെന്നും, അത് അവർ വളർന്നുവന്ന സാഹചര്യം, ജീവിത പശ്ചാത്തലം, വിശ്വാസങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കുമെന്നും അവർ വിശദീകരിച്ചു. ഇത് ഒരിക്കലും മറ്റൊരാളെ അപമാനിക്കലല്ലെന്നും, വ്യക്തിപരമായ അതിരുകൾ നിശ്ചയിക്കുന്നതാണെന്നും വേദലക്ഷ്മി വ്യക്തമാക്കി. ഓരോരുത്തർക്കും അവരുടെ വ്യക്തിപരമായ ഇടം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആദിലയോടോ നൂറയോടോ തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും മനുഷ്യരെന്ന നിലയിൽ അവരെ താൻ ബഹുമാനിക്കുന്നുവെന്നും വേദലക്ഷ്മി പറഞ്ഞു. അംഗീകരിക്കുന്നതും ബഹുമാനം പുലർത്തുന്നതും രണ്ട് കാര്യങ്ങളാണെന്നും അവർ എടുത്തുപറഞ്ഞു.

"ഈ പോസ്റ്റ് മോൻ കണ്ടാൽ പ്രശ്നം ആവില്ലേ? നിലപാടില്ല, നിലവാരമില്ല, നാണമില്ല, മാനമില്ല" എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് നോറ വേദലക്ഷ്മിയെ വിമർശിച്ചിരുന്നത്. നോറയുടെ കമന്റുകളെ മാവിൻചുവട്ടിൽ വളരാൻ ശ്രമിക്കുന്ന ഇത്തിക്കണ്ണിയായിട്ടാണ് താൻ കാണുന്നതെന്നും വേദലക്ഷ്മി മറുപടി നൽകി.