അവതരണവും അഭിനയവും വ്ളോഗുമൊക്കെയായി സജീവമാണ് വീണ. സ്വന്തമായി യുട്യുബ് ചാനല്‍ തുടങ്ങി സെലിബ്രറ്റികളെ അഭിമുഖം ചെയ്യുന്നതാണ് വീണയും പ്രധാന ജോലി. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ ജീവിതത്തിലെ വേദനയേറിയ അനുഭവത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ കഴിഞ്ഞ ദിവസം വീണ പങ്കുവെച്ചിരുന്നു.

കണ്ണാടിയില്‍ നോക്കാന്‍ പോലും പേടിച്ച ദിവസങ്ങള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചത്. ഫെബ്രുവരി 10 ന് ഒരു അഭിമുഖമുണ്ടായിരുന്നു. ഗായത്രി സുരേഷായിരുന്നു അതിഥി. അത് നേരത്തെ കഴിഞ്ഞിരുന്നു. ഒന്നിച്ച് ചിത്രങ്ങളൊക്കെ എടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്. നേരത്തെ ജോലി പൂര്‍ത്തിയാക്കിയത് കൊണ്ട് ഉച്ചയ്ക്ക് ഒന്ന് ഉറങ്ങിയേക്കാമെന്ന് കരുതി. വൈകുന്നേരമാവുമ്പോഴേക്കും ഒന്ന് ഫ്രഷാവാമല്ലോ എന്നായിരുന്നു കരുതിയത്. വൈകിട്ട് എഴുന്നേറ്റപ്പോള്‍ കണ്ണിന് സൈഡിലൊരു തടിപ്പുണ്ടായിരുന്നു.

രാവിലെ മുതലുള്ള അലച്ചിലും, ഉച്ചക്കത്തെ ഉറക്കവുമൊക്കെ കൊണ്ടായിരിക്കും ഇത് എന്നായിരുന്നു കരുതിയത്. ഇതൊക്കെ കോമണാണ്, മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ആശുപത്രിയില്‍ കാണിച്ചെങ്കിലും പിറ്റേ ദിവസത്തേക്ക് മാറുമെന്ന് ഡോക്ടറും പറഞ്ഞു. ഒരു ദിവസം കഴിയുമ്പോള്‍ മാറിക്കോളും എന്നായിരുന്നു കരുതിയത്. രാവിലെയായപ്പോള്‍ ഭീകരമായിരുന്നു അവസ്ഥ. മുഖം മുഴുവനും വീര്‍ത്തിരിക്കുന്ന അവസ്ഥയായിരുന്നു. ആ സമയത്ത് എനിക്ക് വന്ന ടെന്‍ഷന്‍. അത് പറഞ്ഞറിയിക്കാനാവില്ല.

അതോടെയാണ് ഒരു ഐ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പോയി വിദഗ്‌ധോപദേശം തേടിയത്.' 'റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍ പറഞ്ഞു. കണ്ണുനീര്‍ ഗ്രന്ഥിയില്‍ നീര്‍വീക്കം ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണിത്. ചുരുങ്ങിയത് 10-20 ദിവസം കഴിയാതെ ഇതു മാറില്ലെന്നു ഡോക്ടര്‍ പറഞ്ഞതോടെ എനിക്കു ടെന്‍ഷനായി. ഒരുപാട് ഇന്റര്‍വ്യൂകളും പരിപാടികളുമൊക്കെ ആ സമയത്ത് പ്ലാന്‍ ചെയ്തിരുന്നു.'

'ആ സമയത്ത് എനിക്ക് കണ്ണാടി നോക്കാന്‍ പോലും പേടിയായിരുന്നു. എത്രകാലം ഇങ്ങനെയിരിക്കേണ്ടി വരുമെന്നോര്‍ത്തുള്ള ടെന്‍ഷന്‍ വേറെ. ഓരോന്നോര്‍ത്ത് കരയും. കരയുന്തോറും കണ്ണിന്റെ വീക്കം കൂടും. എന്റെ ആത്മവിശ്വാസമൊക്കെ സീറോയില്‍ നിന്നും താഴെ പോയി. ഒരു ദിവസം നോക്കിയപ്പോള്‍ ഒരു കണ്ണില്‍ നിന്നും മറ്റേ കണ്ണിലേക്കും പടര്‍ന്നു. അതോടെ ടെന്‍ഷന്‍ കൂടി.'

ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതായിട്ടും പലതും ഒഴിവാക്കേണ്ടി വന്നു. ആളുകളെയൊന്നും അഭിമുഖീകരിക്കാനാവുന്നുണ്ടായിരുന്നില്ല. എനിക്ക് തന്നെ എന്നെ മനസിലാവുന്നുണ്ടായിരുന്നില്ല. പുറത്ത് പോവാനൊക്കെ മടിയായിരുന്നു. ശബ്ദത്തിലൂടെയല്ലേ നിന്നെ ആളുകള്‍ അറിയുന്നത്, കാഴ്ചയിലല്ലോ എന്ന് പറഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും ധൈര്യം തന്നിരുന്നു. അങ്ങനെയാണ് സിനിമ പ്രമോഷന് പോയത്. കൂളിംഗ് ഗ്ലാസ് വെച്ച് പോയിട്ട് എന്നെ മനസിലായില്ലായിരുന്നു. വീണ മാത്രമെന്താണ് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നത് എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. ഇങ്ങനെയൊരു അവസ്ഥയിലായിരുന്നത് കൊണ്ടാണ് അത് വേണ്ടി വന്നതെന്നായിരുന്നു വീണ പറഞ്ഞത്.