തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലില്‍ തുടങ്ങി സിനിമയില്‍ തിളങ്ങിയ നടപടിയാണ് വീണ നായര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയും വീണ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ വീണയുടെ ദാമ്പത്യത്തെ കുറിച്ചും സൈബറിടത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് മനസ്സു തുറന്നു പറഞ്ഞിരിക്കയാണ് നടി.

ഭര്‍ത്താവില്‍ നിന്ന് അകന്നാണ് ജീവിക്കുന്നത്. എന്നാല്‍, നിയമപരമായി ഇതുവരെ വിവാഹ മോചിതയായിട്ടില്ല. അതേസമയം, തന്റെ മകന്‍ സന്തോഷവാനാണെന്നും വീണ വ്യക്തമാക്കി. 'എന്റെ മകന്‍ ഭയങ്കര സന്തോഷത്തിലാണ്. അവന്‍ ഞങ്ങളെ രണ്ട് പേരെയും ഒരു പോയന്റിലും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവര്‍ പുറത്തുപോകാറുണ്ട്. അവന് അച്ഛന്റെ സ്‌നേഹം കിട്ടുന്നുണ്ട്. അമ്മയെന്ന രീതിയിലുള്ള സ്‌നേഹം കൊടുക്കാനേ എനിക്ക് പറ്റുകയുള്ളൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാന്‍ പറ്റില്ല. അതവന് ഭര്‍ത്താവിലൂടെ കിട്ടുന്നുണ്ട്.

ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം അത് ഞങ്ങളുടെ പ്രശ്‌നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തില്‍ എല്ലാ കാര്യത്തിനും ഒരു ഫുള്‍ സ്റ്റോപ്പുണ്ടാകും. അതുപോലൊരു ഫുള്‍ സ്റ്റോപ്പ് അതിലും ഉണ്ടാകും. എങ്ങിനെയാണ് ആ ഫുള്‍ സ്റ്റോപ്പ് എന്നത് എല്ലാവരേയും അറിയിക്കും.സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്.

അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കുടുംബജീവിതത്തില്‍ ആശ്വാസകരം മറ്റൊരു സ്ത്രീ ആണ് എന്ന് തോന്നുന്നെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്. എനിക്ക് ഒരു മകനുണ്ട്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ നോക്കിനടത്താനുണ്ട്. പ്രഫഷനായി മുന്നോട്ട് പോകുന്നു. നിയമപരമായി ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ല', വീണ നായര്‍ പറഞ്ഞു.