കൊച്ചി: നടന്‍ ബേസില്‍ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേതാ നടനെന്ന പെൺകുട്ടിയുടെ ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇഷ്ടനടൻ ആരാണെന്ന അച്ഛന്റെ ചോദ്യത്തിന് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെക്കുറിച്ച് പറഞ്ഞെങ്കിലും ബേസിൽ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'അങ്ങനൊരു നടനില്ല' എന്നായിരുന്നു കുട്ടിയുടെ മറുപടി.

തുടർന്ന് ബേസിലിന്റെ ചിത്രം കാണിച്ചുകൊടുത്തപ്പോൾ, വീട്ടിൽ മീൻ വിൽക്കാൻ വരുന്ന യൂസഫിക്കയല്ലേ എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. സ്കൂട്ടറിൽ വലിയ മീൻ പെട്ടിയുമായി വരുന്നയാളെയാണ് തനിക്കറിയാമെന്നും കുട്ടി ഉറപ്പിച്ചു പറഞ്ഞു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടൻ ബേസിൽ ജോസഫ് തന്നെ മറുപടിയുമായി രംഗത്തെത്തി. 'മോളേ നീ കേരളത്തിലോട്ട് വാ, ഞാൻ നിനക്ക് കാണിച്ചുതരാം. രണ്ട് കിലോ മത്തിയും കൊണ്ടുവരാം,' എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി.

ഇസാന ജെബിൻചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരാൾക്ക് സമാനമായി പലരുമുണ്ടാകുമെന്നും, അതുകൊണ്ടുതന്നെ കുട്ടിയെ കുറ്റം പറയാനാവില്ലെന്നും നിരവധിപേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'ഒരു സംശയവും വേണ്ട ഇത് ടോവിനോ ചേട്ടന്റെ കൊട്ടേഷൻ തന്നെ' എന്നായിരുന്നു ഒരാളുടെ കമന്റ്. ടോവിനോ ഇത് കണ്ടാൽ തീർന്നുവെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 'ബേസിൽ ചിലപ്പോ പാർട്ട് ടൈമായി ആയിട്ട് മീൻ വിൽക്കുന്നുണ്ടാവും' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.