കൊച്ചി: രണ്ടാം വിവാഹത്തെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇൻഫ്ലുവൻസറും നടിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ കുടുംബാംഗമെന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതയായ വിദ്യ അനാമിക. സൗഭാഗ്യയുടെ ഭർത്താവ് അർജുന്റെ സഹോദരൻ അരുണിന്റെ ഭാര്യയാണ് വിദ്യ. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭർത്താവിന്റെ ആദ്യ ഭാര്യയെക്കുറിച്ചുമുള്ള വിമർശകർക്ക് മറുപടിയുമായി വിദ്യ രംഗത്തെത്തിയിരിക്കുന്നത്.

"രണ്ടാം വിവാഹത്തിൽ സന്തോഷങ്ങൾ പാടില്ലേ?" എന്ന് ചോദിച്ചുകൊണ്ട്, താൻ ആർക്കും പകരമല്ലെന്നും ആരുടെയും സ്ഥാനം തട്ടിയെടുക്കാനല്ല വന്നതെന്നും വിദ്യ തന്റെ പുതിയ യൂട്യൂബ് വ്ളോഗിലൂടെ വ്യക്തമാക്കി. അടുത്തിടെയാണ് വിദ്യയും അരുണും വിവാഹിതരായത്. ഇത് ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിദ്യക്ക് ആദ്യ വിവാഹത്തിൽ ഒരു മകളും അരുണിന് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുമുണ്ട്. ഭർത്താവിന്റെ ആദ്യ ഭാര്യ സീനച്ചേച്ചിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വിദ്യ വ്ളോഗിൽ മറുപടി നൽകിയത്.

"ഭാര്യ മരിച്ചു കഴിഞ്ഞ് എങ്ങനെ ആ സ്ഥാനത്തേക്ക് എങ്ങനെ മറ്റൊരു പെണ്ണിനെ കാണുന്നു എന്നതാണോ നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം? ആർക്കും പകരമല്ല ആരും," വിദ്യ പറഞ്ഞു. "സീനച്ചേച്ചിയുടെ (അരുണിന്റെ ആദ്യഭാര്യ) സ്പേസ് എടുത്തിട്ടല്ല ഞാൻ വരുന്നത്, സീനച്ചേച്ചി പോയ ശൂന്യതയിലേക്കാണ് ഞാൻ വന്നതെങ്കിൽ പോലും. പക്ഷേ, സീനച്ചേച്ചിക്ക് പകരമല്ല ഞാൻ. സീനച്ചേച്ചിക്ക് ഏട്ടന്റെ മനസിലുള്ള സ്ഥാനം ഒരിക്കലും എടുത്തുകളയാൻ പറ്റുന്നതല്ല."

വഴക്കുണ്ടാക്കിയോ പിണങ്ങിയോ പോയ ആളല്ല സീനച്ചേച്ചി, പ്രതീക്ഷിക്കാത്ത സമയത്ത് വിട്ടിട്ട് പോയതാണെന്നും വിദ്യ ഓർമ്മിപ്പിച്ചു. "ഒരിക്കലും സീനച്ചേച്ചിയെ മറക്കാൻ അദ്ദേഹത്തിന് കഴിയില്ല. സീനച്ചേച്ചിയുടെ പേര് പറയുമ്പോൾ പലപ്പോഴും ആ മനുഷ്യൻ വിതുമ്പിക്കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്." തനിക്കും അരുണിനും പരസ്പരം ഒരു പിന്തുണ ആവശ്യമാണെന്ന് തോന്നിയതുകൊണ്ടും, തങ്ങളുടെ മക്കൾക്കും ഒരു താങ്ങും തണലും വേണ്ടതുകൊണ്ടുമാണ് തങ്ങൾ ഒരുമിച്ച് നിൽക്കുന്നതെന്നും വിദ്യ കൂട്ടിച്ചേർത്തു.