ചെന്നൈ: തന്റെ ആദ്യ ചിത്രമായ 'നാനും റൗഡി താനി'ൽ നയൻതാര എത്താൻ കാരണം നടൻ ധനുഷ് ആണെന്ന് സംവിധായകനും നിർമ്മാതാവുമായ വിഘ്‌നേഷ് ശിവൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'നാനും റൗഡി താൻ സിനിമ നിർമ്മിച്ചത് ധനുഷ് ആയിരുന്നു. അദ്ദേഹമാണ് നയൻതാരയുടെ പേര് നിർദേശിച്ചത്. തുടർന്ന് കഥ പറഞ്ഞു. ആദ്യം തന്നെ കഥ ഇഷ്ടപ്പെട്ടു. നയൻതാര ചിത്രത്തിലേക്ക് വന്നതിന് ശേഷമാണ് വിജയ് സേതുപതി എത്തിയത്. ആദ്യം അദ്ദേഹം ഈ സിനിമ നിരസിച്ചിരുന്നു. തിരക്കഥ മനസിലായില്ല. എന്നാൽ നയൻ ചിത്രം ചെയ്യാൻ സമ്മതിച്ചതോടെ വിജയ് സേതുപതിയും സിനിമയിലെത്തി.

നയൻതാരക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ സിനിമയിലൂടെ സാധിച്ചു. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി'- വിഘ്‌നേഷ് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, തങ്ങളുടെ യാത്ര വളരെ സ്വാഭാവികമായിരുന്നുവെന്ന് നയൻതാര പറഞ്ഞു. 'വളരെ ഓർഗാനിക് ആയിരുന്നു.ഞങ്ങൾ ആ ഒഴുക്കിനൊപ്പം നീങ്ങി'- നയൻതാര വ്യക്തമാക്കി

2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം. ഇവർക്ക് ഉയർ, ഉലക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് നടി.