ചെന്നൈ: നയൻതാരയുടെ പങ്കാളി എന്ന നിലയിൽ അറിയപ്പെടുന്നതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് സംവിധായകൻ വിഘ്‌നേഷ് ശിവൻ. പൊതുവിടങ്ങളിൽ പലപ്പോഴും സ്വന്തം പേരിനേക്കാൾ നയൻതാരയുടെ പേര് ചേർത്താണ് ആളുകൾ തന്നെ തിരിച്ചറിയാറുള്ളതെന്നും അതിൽ വലിയ സന്തോഷവും സംതൃപ്തിയുമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേഷ് മനസ്സ് തുറന്നത്.

നയൻതാരയുമായുള്ള പ്രണയത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കാണുന്നതെന്ന് വിഘ്‌നേഷ് വിശേഷിപ്പിച്ചു. "നയൻതാരയുടെ പ്രശസ്തിയുടെ നിഴലിൽ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് അവൾ ഒരിക്കൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ ഒരാൾ മറ്റൊരാളെ മറച്ചുപിടിക്കുന്നു എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. മക്കളുടെയോ ഭാര്യയുടെയോ പേര് ചേർത്ത് ഒരാളെ അഭിസംബോധന ചെയ്യുന്നത് സ്‌നേഹത്തിന്റെ അടയാളമാണ്. അത് മനോഹരമായ കാര്യമാണ്," അത്തരം പരാമർശങ്ങൾ തനിക്ക് നൽകുന്ന സന്തോഷം ചെറുതല്ലെന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു.

നയൻതാരയുമായുള്ള നിയമപ്രശ്നങ്ങളെത്തുടർന്ന് നടൻ ധനുഷുമായുള്ള വ്യക്തിബന്ധം നഷ്ടമായതിൽ താൻ ഇന്ന് ഖേദിക്കുന്നുണ്ടെന്നും വിഘ്‌നേഷ് വെളിപ്പെടുത്തി. ധനുഷിനെ താൻ ഒരു അച്ഛനെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ 2022 ജൂൺ ഒൻപതിനാണ് വിഘ്‌നേഷും നയൻതാരയും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.