ചെന്നൈ: സോഷ്യൽ മീഡിയയിലെ ട്രോളുകളോടും വിദ്വേഷ പ്രചാരണങ്ങളോടും താൻ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഘ്‌നേഷ് ശിവൻ. തനിക്കും ഭാര്യ നയൻതാരയ്ക്കും നേരെ മാത്രമല്ല, തന്റെ കുഞ്ഞുങ്ങൾക്കു നേരെ പോലും അനാവശ്യമായ വിദ്വേഷ കമന്റുകൾ ഉയരുന്നുണ്ടെന്നും ഇത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

മുൻപ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന വിഘ്‌നേഷ് ഇപ്പോൾ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് ഗണ്യമായി കുറച്ചു. ഇതിന്റെ കാരണം വ്യക്തമാക്കവെയാണ് അദ്ദേഹം തന്റെ വിഷമം പങ്കുവെച്ചത്. "കുട്ടികളുടെ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ പോലും വിദ്വേഷ കമന്റുകൾ വരാറുണ്ട്. ഇത് കാണുമ്പോൾ ശരിക്കും വിഷമം തോന്നും. മുൻപ് എപ്പോഴും പോസ്റ്റുകൾ ഇടുമായിരുന്നു, എന്നാൽ ഇപ്പോൾ അവസാനമായി എപ്പോഴാണ് ഒരു പോസ്റ്റ് പങ്കുവെച്ചതെന്ന് പോലും എനിക്ക് ഓർമ്മയില്ല." - വിഘ്‌നേഷ് ശിവൻ

എല്ലായ്‌പ്പോഴും നമുക്ക് ഇഷ്ടമുള്ളത് സ്വതന്ത്രമായി ചെയ്യാൻ കഴിഞ്ഞെന്നു വരില്ലെന്നും, സമൂഹം കഠിനമായി ട്രോളുകയും വിമർശിക്കുകയും ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ അതിനോട് പൊരുത്തപ്പെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷകരമായ നിമിഷങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതിയാണ് പങ്കുവെക്കുന്നത്. എന്നാൽ ഇന്ന് എല്ലാം ഒരു ട്രോളായി മാറിയിരിക്കുകയാണെന്ന് വിഘ്‌നേഷ് പറയുന്നു.

"ട്രോൾ ചെയ്യുന്നത് ഇപ്പോൾ ഒരു സംസ്കാരമായി മാറിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നപ്പോൾ ഇതിഹാസ താരം എം.എസ്. ധോണിയെ പോലും ആളുകൾ വെറുതെ വിട്ടില്ല. അത് വേദനാജനകമാണ്, പക്ഷേ പൊരുത്തപ്പെടുകയല്ലാതെ മറ്റ് വഴികളില്ല." ട്രോളുകളെ തമാശരൂപേണയാണ് താനും നയൻതാരയും ഇപ്പോൾ കാണുന്നതെന്ന് വിഘ്‌നേഷ് പറയുന്നു.

"അവർ ഒരിക്കലും മാറില്ല, അതുകൊണ്ട് നമ്മൾ മാറണം. ഇത്തരം കാര്യങ്ങളെ നിസ്സാരമായി കാണണം എന്ന് ഞാൻ അവളോട് പറയാറുണ്ട്. ഇപ്പോൾ അവർ എന്തുതന്നെ പറഞ്ഞാലും എനിക്ക് പ്രശ്നമില്ലെന്ന മാനസികാവസ്ഥയിൽ എത്തിക്കഴിഞ്ഞു." പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് വിഘ്‌നേഷ് ശിവൻ ഇപ്പോൾ.