തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്യുടെ കാർ തകർത്ത് ആരാധകർ. ആരാധകരുടെ ആവേശം അതിരുവിട്ടതോടെയാണ് വിജയിന്റെ കാറിന് കേടുപാട് സംഭവിച്ചത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈ (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇന്നലെയാണ് താരം തിരുവനന്തപുരത്തെത്തുന്നത്. വൻ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകർ ഒരുക്കിയത്.

താരത്തെ കാണാൻ വൻ ജനാവലിയാണ് തിരുവനന്തപുരത്തെ വിമാനത്തവളത്തിലേക്ക് ഒഴുകിയെത്തിയത്. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാൻ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്.

ഇതിനിടെ ആരാധകരുടെ തിക്കിനും തിരക്കിലും താരം സഞ്ചരിച്ച് കാറിന് കേടുപാടുകൾ സംഭവിച്ചു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് 18 മുതൽ 23 വരെ വിജയ് തിരുവനന്തപുത്ത് ഉണ്ടാവും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ചിത്രത്തിന്റെ കേരളത്തിലെ ലൊക്കേഷൻ.

ചിത്രം ഒരു ടൈം ട്രാവൽ സയൻസ് ഫിക്ഷനാണെന്നാണ് റിപ്പോർട്ടുകൾ. ജയറാമടക്കം തൻ താരനിരയാണ് ചിത്രത്തിലുള്ളത്. എജിഎസ് എന്റർടെയ്മെന്റാണ് ചിത്ത്രതിന്റെ നിർമ്മാണം. 14 വർഷങ്ങൾക്ക് മുൻപ് കാവലൻ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തിൽ എത്തിയത്.