- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിഖിലയെ പോലെ നല്ലൊരു നടിയെ ഐറ്റം ഡാൻസിനായി മാത്രം കൊണ്ടുവരില്ല'; ആട് 3-നെ കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളി വിജയ് ബാബു; ബാക്കി പ്രസ് മീറ്റിൽ താരം തന്നെ പറയുമെന്നും നിർമ്മാതാവ്

കൊച്ചി: ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന ചിത്രത്തിൽ നടി നിഖില വിമൽ ഒരു ഡാൻസ് രംഗത്തിൽ മാത്രമായി പ്രത്യക്ഷപ്പെടുമെന്ന പ്രചാരണങ്ങൾ തള്ളി നിർമ്മാതാവ് വിജയ് ബാബു. മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളായ നിഖിലയെ ഐറ്റം ഡാൻസിനായി മാത്രം കൊണ്ടുവരില്ലെന്നും, ഈ വിഷയത്തിൽ പ്രസ്സ് മീറ്റിൽ വെച്ച് നിഖില തന്നെ പ്രതികരിക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് ബാബുവിന്റെ ഈ പ്രതികരണം.
"നിഖില വിമല്‍ മലയാളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടിമാരില്‍ ഒരാളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമകളില്‍ ചെറുതും വലുതുമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആട് പോലൊരു സിനിമയില്‍ നിഖില വിമലിനെപ്പോലെ ഇത്ര നല്ലൊരു നടിയെ കൊണ്ടു വന്ന് ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ?" വിജയ് ബാബു ചോദിച്ചു. ഈ പ്രചാരണങ്ങളുടെ ഉറവിടം അറിയില്ലെന്നും, പ്രസ്സ് മീറ്റിൽ വെച്ച് താൻ സംസാരിക്കാമെന്ന് നിഖില തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് ശേഷം മാധ്യമങ്ങളെ കാണുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നും വിജയ് ബാബു അറിയിച്ചു.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആട് 3'. 2026 മാർച്ച് 19-ന് ഈദ് റിലീസായി ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയും വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' ഒരുങ്ങുന്നത്.


