കൊച്ചി: വിജയ് ദേവരക്കൊണ്ടയും സമാന്തയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഖുഷിക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളി സംഗീത സംവിധായകൻ ഹെഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം നാ റോജാ നൂവേ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തെത്തിയിരിക്കുകയാണ്.

ആരാധ്യാ എന്നു പേരിട്ട ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം 50 ലക്ഷത്തിൽ അധികം പേരാണ് ഗാനം കണ്ടത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തേക്കുറിച്ച് വിജയ് ദേവരക്കൊണ്ടയുടെ വാക്കുകളാണ്. താൻ വിവാഹം കഴിച്ചാൽ ഇങ്ങനെയായിരിക്കും എന്നാണ് താരം പറയുന്നത്.

വിവാഹശേഷമുള്ള യുവദമ്പതിമാരുടെ ജീവിതമാണ് ഗാനത്തിൽ കാണിക്കുന്നത്. പ്രണയം നിറഞ്ഞു നിൽക്കുന്നതാണ് ഗാനം. ഈ ഗാനത്തിലെ പല നിമിഷങ്ങളും എന്റെ ജീവിതത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ളതാണ്. ഞാൻ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ കൂടി. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ജീവിതം ഇങ്ങനെയാവണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിജയ് ദേവരക്കൊണ്ട വിഡിയോയിൽ പറഞ്ഞു.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായാണ് ഗാനം എത്തിയിരിക്കുന്നത്. തെലുങ്കിൽ സിദ് ശ്രീറാമും ചിന്മയി ശ്രീപാദയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ കെഎസ് ഹരിശങ്കറും ശ്വേതാ മോഹനും ചേർന്നാണ് പാടിയത്.