നടി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇതുവരെ ഇരുവരും പ്രണയത്തേക്കുറിച്ച് എവിടെയും തുറന്നു പറഞ്ഞിട്ടില്ല. അടുത്തിടെ ഇരുവരും ഒന്നിച്ചൊരു റസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഏറ്റവുമൊടുവില്‍ പുഷ്പ 2 കാണാനായി വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം രശ്മിക തിയറ്ററിലെത്തിയതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. വിജയ്യുടെ അമ്മ മാധവി, സഹോദരന്‍ ആനന്ദ് ദേവരകൊണ്ട എന്നിവര്‍ക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്. ഇപ്പോഴിതാ ഗോസിപ്പുകള്‍ക്കിടെ രശ്മികയുടെ പുതിയ ചിത്രം ദ് ?ഗേള്‍ഫ്രണ്ടിന്റെ ടീസര്‍ പങ്കുവെച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

എക്‌സിലൂടെയാണ് താരം ടീസര്‍ പങ്കുവച്ചത്. ടീസറിലെ ഓരോ രംഗവും ഇഷ്ടമായെന്നും സിനിമ കാണാനുള്ള ആവേശത്തിലാണെന്നും വിജയ് ടീസര്‍ പങ്കുവച്ച് എക്സില്‍ കുറിച്ചു. 'ഈ ടീസറിന്റെ ഓരോ രംഗവും എനിക്ക് ഇഷ്ടമായി. സിനിമ കാണാനായി ഞാന്‍ വളരെ ആവേശത്തിലാണ്. ഞങ്ങളില്‍ പല അഭിനേതാക്കള്‍ക്കും അവര്‍ ഭാഗ്യവതിയായിരുന്നു, ഞങ്ങളുടെ വലിയ വിജയങ്ങളുടെയും ഭാഗമായി.

ഒരു അഭിനേതാവായും താരമായും വളര്‍ന്നു. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍, എട്ട് വര്‍ഷം മുന്‍പ് ഞാന്‍ സിനിമാ സെറ്റില്‍ കണ്ട അതേ പെണ്‍കുട്ടിയായി തുടരുന്നു. ആശംസകള്‍ രശ്മിക.'- വിജയ് ദേവരകൊണ്ട എക്‌സില്‍ കുറിച്ചു. രാഹുല്‍ രവീന്ദ്രനാണ് ദ് ഗേള്‍ഫ്രണ്ട് സംവിധാനം ചെയ്തിരിക്കുന്നത്. രശ്മികയ്ക്കൊപ്പം ദീക്ഷിത് ഷെട്ടി, റാവു രമേഷ്, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.