- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃതിയാണ് നായികയെങ്കിൽ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞു: വിജയ് സേതുപതി
ചെന്നൈ: തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മഹാരാജയാണ് വിജയ് സേതുപതിയുടേതായി ഉടനെ റിലീസിനായി ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ മഹാരാജയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി കൃതി ഷെട്ടിയ്‌ക്കൊപ്പമുള്ള അവസരം നിരസിച്ചതിനേക്കുറിച്ച് പറയുകയാണ് വിജയ് സേതുപതി.
2022 ൽ പുറത്തിറങ്ങിയ തന്റെ ഡിഎസ്‌പി എന്ന ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് കൃതിയെ ആയിരുന്നുവെന്ന് വിജയ് സേതുപതി പറഞ്ഞു. ബുചി ബാബു സന സംവിധാനം ചെയ്ത ഉപ്പേന എന്ന ചിത്രത്തിൽ കൃതിയുടെ അച്ഛനായാണ് താൻ എത്തിയതെന്നും അതുകൊണ്ട് കൃതിയ്‌ക്കൊപ്പം റൊമാൻസ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡിഎസ്‌പിയിൽ കൃതിയുടെ നായകനാകുനുള്ള ഓഫർ ഞാൻ നിരസിച്ചു. ഉപ്പേനയിൽ ഞാൻ അവളുടെ അച്ഛനായി അഭിനയിച്ച കാര്യം നിർമ്മാതാക്കൾക്ക് അറിയില്ലായിരുന്നു. ഉപ്പേനയുടെ ഷൂട്ടിങ്ങിനിടയിൽ കൃതി പരിഭ്രമിച്ചു പോയ ഒരു സീനുണ്ട്. ഞങ്ങൾ അത് ഷൂട്ട് ചെയ്യുമ്പോൾ എന്നെ അവളുടെ സ്വന്തം അച്ഛനായി തന്നെ കാണാൻ ഞാൻ അവളോട് പറഞ്ഞു.
കൃതി എന്റെ മകനേക്കാൾ ഒരൽപ്പം മുതിർന്ന കുട്ടിയാണ്. അതുകൊണ്ട് എനിക്ക് കൃതിക്കൊപ്പം അത്തരമൊരു വേഷം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു'- വിജയ് സേതുപതി വ്യക്തമാക്കി. അനുക്രീതി വാസ് ആണ് പിന്നീട് ഡിഎസ്‌പിയിൽ നായികയായെത്തിയത്. നിതിലൻ സ്വാമിനാഥൻ ആണ് മഹാരാജ സംവിധാനം ചെയ്യുന്നത്. ജൂൺ 14 ന് ചിത്രം തിയറ്ററുകളിലെത്തും. അനുരാഗ് കശ്യപാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ശ്രീറാം ആദിത്യയുടെ തെലുങ്ക് ചിത്രമായ മനമേ ആണ് കൃതിയുടേതായി വരാനുള്ള ചിത്രം. ശർവാനന്ദ് നായകനാകുന്ന ചിത്രം ജൂൺ 7ന് റിലീസ് ചെയ്യും.