മുംബൈ: തമന്ന ഭാട്ടിയയുമായുള്ള പ്രണയബന്ധം തകർന്നതിനെക്കുറിച്ചും പൊതുസമൂഹത്തിൽ നിന്നുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ വിജയ് വർമ. പ്രണയം പരസ്യമായത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും സാരമായി ബാധിച്ചുവെന്നും കരിയറിന് തിരിച്ചടിയായെന്നും വിജയ് വർമ എച്ച്ടി സിറ്റിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിവാഹത്തോളം എത്തിയെന്ന് കരുതപ്പെട്ട ബന്ധം അപ്രതീക്ഷിതമായി ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. പ്രണയം പൊതുവിടത്തിൽ ചർച്ചയായതോടെ ആളുകൾ തന്നെ മറ്റൊരു കണ്ണിലൂടെ നോക്കാൻ തുടങ്ങിയെന്നും, അതിൽ നിന്ന് മോചനം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. "കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നിൽക്കണമായിരുന്നു. പക്ഷേ, ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല," വിജയ് വിശദീകരിച്ചു.

തന്റെ ജീവിതത്തിലെ ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ദിവസവും വാർത്തകളിൽ നിറയുകയും ചെയ്തത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും, പ്രണയം പരസ്യപ്പെടുത്തിയാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അപ്പോഴാണ് താൻ തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു. തമന്നയുമായുള്ള പ്രണയകാലയളവിൽ പുതിയ സിനിമകളൊന്നും ലഭിച്ചില്ലെന്നും, ആളുകൾക്ക് മറ്റു പല കാര്യങ്ങളും ചർച്ച ചെയ്യാനായിരുന്നു താൽപര്യമെന്നും, തന്റെ കരിയറിൽ അത്തരമൊരു കാലം മുൻപുണ്ടായിട്ടില്ലെന്നും വിജയ് വർമ വ്യക്തമാക്കി. സ്വസ്ഥമായിരിക്കാൻ ആഗ്രഹിച്ചെങ്കിലും അതുമാത്രം ഒരിക്കലും നടന്നില്ലെന്നും സ്വകാര്യത പൂർണമായും നഷ്ടപ്പെട്ടത് തന്നെ വല്ലാതെ ഉലച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-ലാണ് വിജയ് വർമയും തമന്നയും പ്രണയത്തിലായത്. മുംബൈയിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും വിവാഹശേഷം കഴിയാനായി വസതി വാങ്ങിയെന്നുമെല്ലാം അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണ് വിജയ് വർമ. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ 'ഗുസ്താഖ് ഇഷ്ക്' എന്ന പുതിയ ചിത്രം അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്.